- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വർണക്കടത്ത് കേസിലെ ആരോപണം മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെയാണ്; സ്വപ്നയുടെ മൊഴി കാരണം കലാപം ഉണ്ടായെന്ന് കേരളത്തിന്റെ അപേക്ഷയിലുണ്ട്'; വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ഇഡി കോടതിയിൽ; കേസിൽ കേരളത്തെ കക്ഷി ചേർത്ത് സുപ്രീം കോടതി
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ ആരോപണം മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയാണെന്ന് സുപ്രീം കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രിക്ക് പുറമെ കുടുംബാംഗങ്ങൾ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി, മുൻ സ്പീക്കർ, മുൻ മന്ത്രി എന്നിവർക്ക് എതിരെയും ആരോപണം ഉണ്ടെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ രേഖകളുടെ പിൻബലം ഇല്ലാതെ മുഖ്യമന്ത്രിയുടെ പേര് കോടതിയിൽ അനാവശ്യമായി ഉന്നയിക്കരുതെന്ന് സംസ്ഥാന സർക്കാരിനായി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
അതേ സമയം സ്വർണക്കടത്ത് കേസിലെ വിചാരണ നടപടികൾ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ഹർജിയിൽ കേരളത്തെയും സുപ്രീം കോടതി കക്ഷി ചേർത്തു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ സത്യവാങ്മൂലം വെള്ളിയാഴ്ച നൽകാമെന്ന് കപിൽ സിബൽ അറിയിച്ചു. വിചാരണ ബെംഗളുരുവിലേക്ക് മാറ്റണമെന്ന ഹർജിയിൽ അടുത്ത വാദത്തിൽ തീർപ്പ് പറയുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹർജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യുലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ കക്ഷി ചേരാനുള്ള കേരളത്തിന്റെ അപേക്ഷ അംഗീകരിച്ചത്. ഇ.ഡിയുടെ ഹർജിയിൽ മറുപടി ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിനോടും, എം ശിവശങ്കറിനോടും കോടതി നിർദ്ദേശിച്ചു.
ട്രാൻസ്ഫർ ഹർജിയിൽ ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് എതിരെയാണ് ആരോപണം എന്ന് ഉന്നയിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ പേര് സോളിസിറ്റർ ജനറൽ പരാമർശിച്ചതിനെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ ശക്തമായി എതിർത്തു. താൻ വാദിക്കുമ്പോൾ സിബൽ ഇടപെട്ടതിലുള്ള അതൃപ്തി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
കേസിൽ കക്ഷി ചേരാൻ വേണ്ടി കേരളം നൽകിയ അപേക്ഷയിൽ സ്വപ്ന സുരേഷിന്റെ മൊഴി കാരണം സംസ്ഥാനത്ത് കലാപം ഉണ്ടായി എന്നാണ് പറഞ്ഞിരിക്കുന്നത് എന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി. വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാൻ ഉചിതമായ ഘടകമാണിതെന്നും അദ്ദേഹം വാദിച്ചു. ഉന്നതരുടെ പേരുകൾ പറയരുത് എന്ന് ചിലർ ഭീഷണിപ്പെടുത്തിയതായി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നപ്പോൾ സ്വപ്‌ന മജിസ്ട്രേറ്റ് കോടതിയോട് പരാതി പറഞ്ഞിട്ടുണ്ട്. ഇതിൽ കോടതി ഇടപെട്ടിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതിയുടെ ഇടപെടലിന് ശേഷം പിന്നീട് പരാതി ഉണ്ടായിട്ടുണ്ടോ എന്ന ചീഫ് ജസ്റ്റിസ് ലളിതിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ മറുപടി.
കേസ് അട്ടിമറിക്കുന്നതിന് കേരള സർക്കാർ ഒന്നിന് പുറകെ ഒന്നായി വിവിധ ശ്രമങ്ങൾ നടത്തിയെന്നും ഇ.ഡി. സുപ്രീം കോടതിയിൽ ആരോപിച്ചു. കേസ് അന്വേഷിച്ച ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇ.ഡി. രേഖാമൂലം ആവശ്യപ്പെട്ടിട്ടാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത് എന്ന് കപിൽ സിബൽ കോടതിയിൽ വ്യക്തമാക്കി. ഇതേത്തുടർന്നാണ് ഇ.ഡിയുടെ ഹർജിയിൽ വിശദമായ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കേരളത്തിന് സുപ്രീം കോടതി അനുമതി നൽകിയത്. കേസിൽ കക്ഷി ചേരാനുള്ള കേരളത്തിന്റെ അപേക്ഷയും സുപ്രീം കോടതി അംഗീകരിച്ചു.
കേസിൽ തടസ്സ ഹർജി നൽകിയിരുന്ന എം ശിവശങ്കറിനും മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കോടതി അനുമതി നൽകി. എന്നാൽ ഇ.ഡിയുടെ ഹർജിയിലെ മറ്റ് എതിർകക്ഷികളായ പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചില്ല. അടുത്ത വ്യാഴാഴ്ച ഹർജിയിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വാക്കാൽ വ്യക്തമാക്കി.
കേരളത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ കപിൽ സിബലിന് പുറമെ, സീനിയർ അഭിഭാഷകൻ സി.യു. സിങ്, സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി എന്നിവർ ഹാജരായി. തടസ ഹർജി നൽകിയിരുന്ന എം ശിവശങ്കറിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, അഭിഭാഷകരായ സെൽവിൻ രാജ, മനു ശ്രീനാഥ് എന്നിവരാണ് ഹാജരായത്.