- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനവും കോടതി കയറി; ഡോ.സിസ തോമസിന്റെ നിയമനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സർക്കാരിന്റെ ഹർജി; ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമെന്ന് വാദം; ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി വിസിമാർ
കൊച്ചി: എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനവും കോടതി കയറി. ഗവർണറുടെ നടപടിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഗവർണർ നടത്തിയ നിയമനം സർവ്വകലാശാല നിയമത്തിന് വിരുദ്ധമാണെന്നാണ് സർക്കാർ വാദം. ഹർജിയിൽ ഉത്തരവ് ഉണ്ടാകുന്നത് വരെ കേരളത്തിലെ ഏതെങ്കിലും വിസിമാർക്ക് പകരം ചുമതല നൽകാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
സാങ്കേതിക സർവകലാശാല വിസിക്കായി സർക്കാർ നിർദ്ദേശിച്ച പേരുകൾ തള്ളിയാണ് ഡോ. സിസ തോമസിന് വിസിയുടെ ചുമതല നൽകി രാജ്ഭവൻ ഉത്തരവിറക്കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാൻസലർ കൂടിയായ ഗവർണർ കെടിയു വിസിയുടെ ചുമതല നൽകിയത്.
മറ്റേതെങ്കിലും സർവകലാശാലയുടെ വി സി., സാങ്കേതിക സർവകലാശാലയുടെ തന്നെ പി.വി സി., ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഇവരിൽ ആർക്കെങ്കിലും ചുമതല നൽകാമെന്നാണ് നിയമത്തിലെ വ്യവസ്ഥ. പക്ഷേ, ഇതു പാലിക്കപ്പെട്ടില്ല. ഡിജിറ്റൽ സർവകലാശാലാ വി സി. ഡോ. സജി ഗോപിനാഥിന്റെ പേര് സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, വി സി. നിയമനം നിയമാനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടി ഗവർണർ നോട്ടീസ് നൽകിയവരിൽ അദ്ദേഹവും ഉൾപ്പെടും. അതിനാൽ, നിയമനം നടന്നില്ല. പിന്നീട്, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഇഷിത റോയിയുടെ പേര് സർക്കാർ ശുപാർശ ചെയ്തു. വി സി.യായി അക്കാദമിക വൈദഗ്ധ്യം വേണമെന്ന യുജിസി. മാനദണ്ഡം ചൂണ്ടിക്കാട്ടി ഗവർണർ അതു തള്ളി.
സ്വാഭാവികമായും പിന്നീട് നിയമിക്കപ്പെടേണ്ടത് പി.വി സി.യായിരുന്നു. എന്നാൽ, വി സി. സ്ഥാനമൊഴിഞ്ഞാൽ പി.വി സി.യുടെ കാലാവധിയും തീരുമെന്നാണ് ഉന്നയിക്കപ്പെടുന്ന വാദം. പക്ഷേ, ഈ വ്യവസ്ഥ വി സി.യുടെ കാലാവധി സ്വാഭാവികമായി തീരുന്ന മുറയ്ക്കുമാത്രമേ ബാധകമാവൂവെന്നാണ് മറുവാദം. ഇവിടെ വി സി. ഒഴിഞ്ഞത് സുപ്രീംകോടതി വിധിയനുസരിച്ചാണ്. കാലാവധി ഫെബ്രുവരി വരെയുണ്ട്. വി സി. കാലാവധി കഴിഞ്ഞിറങ്ങുമ്പോൾ മാത്രമേ പി.വി സി. ഒഴിയേണ്ടതുള്ളൂവെന്ന് ഒരു കേസിൽ ഹൈക്കോടതി വിധിച്ചിട്ടുണ്ട്. പക്ഷേ, സീനിയർ പ്രൊഫസർമാരുടെ പട്ടിക തേടിയ ഗവർണർ ഡോ. സിസ തോമസിനു ചുമതല നൽകുകയായിരുന്നു. എന്നാൽ, അവർ മുൻകൂർ അനുമതി വാങ്ങാതെ ചുമതലയേറ്റെടുത്തതിൽ നീരസത്തിലാണ് സർക്കാർ.
നേരത്തെ, ഡോ. രാജശ്രീ എം.എസിന്റെ വൈസ് ചാൻസലറായുള്ള നിയമനം യുജിസി. ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വൈസ് ചാൻസലർ നിയമനത്തിന് ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചാണ് രാജശ്രീയുടെ നിയമനം റദ്ദാക്കിയത്.
അതേസമയം ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് എല്ലാ വി സിമാരും വിശദീകരണം നൽകി. വി സിമാർക്ക് മറുപടി നൽകുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിച്ചിരുന്നു. പത്ത് വൈസ് ചാൻസലർമാരാണ് മറുപടി നൽകിയത്. വിസിമാരുടെ ഹിയറിങ് കൂടി നടത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ നീക്കം.
യു ജി സി മാർഗനിർദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്നാണ് വി സിമാർ വിശദീകരണം നൽകിയത്.കേരള സർവകലാശാല, എം.ജി, കുസാറ്റ്,കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ, സാങ്കേതിക സർവകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. നിയമനം ചട്ടപ്രകാരമല്ലെന്ന് കാണിച്ച് സാങ്കേതിക സർവകലാശാല വി സി നിയമനം സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് വി സിമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടത്. ഇതിനെതിരെ ഹൈക്കോടതിയിൽ വി സിമാർ നൽകിയ ഹർജിയിൽ വിശദീകരണം നൽകാൻ സമയമനുവദിച്ചിരുന്നു.