ന്യൂഡൽഹി: സ്ഥാപിത താൽപര്യക്കാരായ ഒരുവിഭാഗം ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കാനും, അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നതായി കാട്ടി ചീഫ് ജസ്റ്റിസിന് ഒരുസംഘം അഭിഭാഷകരുടെ കത്ത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മന്നൻ കുമാർ മിശ്ര, ആദിഷ് അഗർവാൾ, ചേതൻ മിത്തൽ, പിങ്കി ആനന്ദ്, സ്വരൂപമ ചതുർവേഥി, ഹിതേഷ് ജയ്ൻ, ഉജ്വല പവാർ എന്നിവർ ഉൾപ്പെടെ അറുന്നൂറിലേറെ അഭിഭാഷകരാണു കത്തെഴുതിയിരിക്കുന്നത്.

' അഴിമതി കേസുകളിൽ ആരോപണവിധേയരായ രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകളിലാണ് സമ്മർദ്ദ തന്ത്രം കൂടുതൽ വ്യക്തമാകുന്നത്. ഈ തന്ത്രങ്ങൾ നമ്മുടെ കോടതികൾക്ക് കോട്ടം വരുത്താനും, ജനാധിപത്യവ്യവസ്ഥയ്ക്ക് ഭീഷണിയാകാനും വഴിവയ്ക്കും', മാർച്ച് 26 ന് ഡി വൈ ചന്ദ്രചൂഡിന് അയച്ച കത്തിൽ പറയുന്നു.

ഔദ്യോഗികതലത്തിൽ പങ്കുവച്ച കത്ത് പേരുപറയാതെ ഒരു വിഭാഗം അഭിഭാഷകരെയാണ് ലക്ഷ്യമിടുന്നത്. ഇക്കൂട്ടർ പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കോടതികൾക്ക് ഉണ്ടായിരുന്നുവെന്ന് പറയുന്ന സുവർണകാലത്തെയും, ഇപ്പോഴത്തെ സാഹചര്യത്തെയും താരതമ്യപ്പെടുത്തി വിശ്വാസ്യതയെ തകർക്കാൻ ശ്രമിക്കുന്നു. ഇത്തരം കമന്റുകൾ കോടതികളെ സ്വാധീനിക്കാനും, രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനുമാണ്.

പ്രതിപക്ഷ നേതാക്കളുമായി ബന്ധപ്പെട്ട നിരവധി ക്രിമിനൽ അഴിമതി കേസുകൾ കോടതികൾ കൈകാര്യം ചെയ്തുവരുന്ന സമയത്താണ് പുതിയ സംഭവവികാസം. കത്തിൽ, പ്രത്യേക കേസുകൾ ഒന്നും പരാമർശിക്കുന്നില്ല. രാഷ്ട്രീയ പകപോക്കലിനായി കേന്ദ്രസർക്കാർ തങ്ങളുടെ നേതാക്കളെ ലക്ഷ്യം വയ്ക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ നേരത്തെ ആരോപിച്ചിരുന്നു.
.
അതുപോലെ തന്നെ കോടതികളിൽ ബഞ്ച് ഫിക്‌സിങ് നടക്കുന്നതായും കത്തിൽ ആരോപിക്കുന്നു. ചില കേസുകൾ പ്രത്യേക ജഡ്ജിമാരുടെ ബെഞ്ചിനു മുന്നിൽ എത്തിക്കാനുള്ള ശ്രമമാണ് 'ബെഞ്ച് ഫിക്‌സിങ്'. ഇതു കോടതിയോടുള്ള അനാദരവും, അപകീർത്തികരവും ആണെന്ന് മാത്രമല്ല, കോടതികളുടെ അന്തസിനും ബഹുമാനത്തിനും നേർക്കുള്ള കടന്നാക്രമണവുമാണെന്നും കത്തിൽ പറയുന്നു.

നിയമ വാഴ്ച തന്നെയില്ലാത്ത ചില രാജ്യങ്ങളിലെ നിയമസ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുകയും, ജുഡീഷ്യൽ സ്ഥാപനങ്ങൾ അന്യായമായ കാര്യങ്ങൾ ചെയ്യുന്നതായും പ്രചരിപ്പിക്കുകയും ചെയ്യുന്നു. തങ്ങൾക്ക് അനുകൂലമായ വിധികൾ വരുമ്പോൾ പ്രശംസിക്കുകയും മറിച്ചാകുമ്പോൾ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു.

ജഡ്ജിമാരെ സ്വാധീനിക്കാൻ വേണ്ടി സോഷ്യൽ മീഡിയയിൽ കള്ളങ്ങൾ പ്രചരിപ്പിക്കുകയും തങ്ങൾക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴാണ് ഇതുസംഭവിക്കുന്നതെന്നും അഭിഭാഷകർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2018-19 കാലഘട്ടത്തിലും സമാനമായ രീതിയിൽ കള്ളപ്രചാരണം നടത്തിയിരുന്നു. വ്യക്തിപരവും, രാഷ്ട്രീയവുമായ ആവശ്യങ്ങൾക്ക് വേണ്ടി കോടതികളെ ചൂഷണം ചെയ്യാനും, ചെറുതാക്കി കാണിക്കാനുമുള്ള ശ്രമങ്ങൾ ഒരുസാഹചര്യത്തിലും അനുവദിച്ചുകൂടാ.

കോടതികളെ ആ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സുപ്രീംകോടതി ശക്തമായ നടപടികൾ സ്വീകരിക്കണം. നിശ്ശബ്ദമായിരുന്നാലോ, നടപടി സ്വീകരിക്കാതിരുന്നാലോ, ദോഷം ചെയ്യാൻ തുനിഞ്ഞിറങ്ങിയവർക്ക് അത് കൂടുതൽ ശക്തി പകരും. ചീഫ് ജസ്റ്റിസിന്റെ നേതൃത്വം ഈ വിഷമഘട്ടത്തിൽ അനിവാര്യമാണെന്നും കത്തിൽ പറയുന്നു.

(ദുഃഖവെള്ളി പ്രമാണിച്ച് നാളെ (29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല. അപ്ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)