- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരവാദപ്പെട്ടവരെല്ലാം കർത്തവ്യം മറക്കുന്നു; ആഭ്യന്തര മന്ത്രാലയത്തിനെതിരെ ഗുജറാത്ത് ഹൈക്കോടതി; കോടതിയുടെ വിമർശനം നിത്യാനന്ദയിൽ നിന്നും പെൺമക്കളെ വിട്ടു കിട്ടണമെന്ന പിതാവിന്റെ ഹർജിയിൽ; ഹർജ്ജി സമർപ്പിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും ഉത്തരവാദപ്പെട്ടവർ കോടതിയിൽ സത്യവാങ് മൂലം പോലും നൽകിയില്ലെന്നും വിമർശനം
ഗാന്ധിനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിമർശിച്ച് ഗുജറാത്ത് ഹൈക്കോടതി.ഉത്തരവാദപ്പെട്ടവരെല്ലാം കർത്തവ്യം മറക്കുകയാണെന്നു കോടതി കുറ്റപ്പെടുത്തി.രാജ്യം വിട്ട തട്ടിപ്പ് വീരൻ സ്വാമി നിത്യാനന്ദയുടെ തടങ്കലിൽ നിന്ന് പെൺ മക്കളെ വിട്ട് കിട്ടണമെന്ന അച്ഛന്റെ ഹർജിയിലാണ് കോടതിയുടെ വിമർശനം.
2019 -ലാണ് തന്റെ രണ്ട് പെൺമക്കളും നിത്യാനന്ദയുടെ കസ്റ്റഡിയിലാണെന്ന് കാണിച്ച് അച്ഛൻ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുന്നത്.എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും കേന്ദ്ര അഭ്യന്തര മന്ത്രാലയം അടക്കം ഉത്തരവാദപ്പെട്ടവർ കോടതിയിൽ സത്യവാങ് മൂലം പോലും ഇതുവരെ നൽകിയില്ല.കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സമർപ്പിക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
കേസിൽ ആഭ്യന്തരമന്ത്രാലയം ഉടൻ സത്യവാങ്ങ്മൂലം സമർപ്പിക്കണമെന്നും ജസ്റ്റിസ് എൻ.വി.അഞ്ജരിയ, ജസ്റ്റിസ് നിരാൽ ആർ.മേത്ത എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയായതോടെ 2019 ൽ നിത്യാനന്ദ രാജ്യം വിട്ടു. തൊട്ട് പുറകെ സ്വന്തമായി പുതിയ രാജ്യം പ്രഖ്യാപിച്ച നിത്യാനന്ദ ഇതുവരെ കണ്ടെത്താൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ ഇയാളുടെ പാസ്‌പോർട്ട് റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിത്യാനന്ദ വെബ്‌സൈറ്റ് തുറന്ന് പുതിയ രാജ്യം പ്രഖ്യാപിച്ച നടപടിയിൽ പ്രതികരണം അർഹിക്കുന്നില്ലെന്നായിരുന്നു അന്ന് വിദേശകാര്യവക്താവ് രവീഷ് കുമാർ പറഞ്ഞത്. എന്നാൽ, രാജ്യത്ത് നിരവധി കേസുകളിൽ പ്രതിയായ ഇയാളെ തിരിച്ച് കൊണ്ട് വന്ന് വിചാരണയ്ക്ക് വിധേയനാക്കാനുന്നതിനുള്ള ശ്രമങ്ങളൊന്നും തന്നെ കേന്ദ്രസർക്കാർ നടത്തിയില്ല.
പീഡനക്കേസിൽ അടക്കം ഇന്ത്യയിൽ അന്വേഷണം നേരിടുന്ന നിത്യാനന്ദ നിലവിൽ വിദേശത്താണെന്നാണ് വിവരം. എന്നാൽ വിദേശത്ത് എവിടെ എന്നതിനും അന്വേഷണ ഏജൻസികൾക്ക് ഉത്തരമില്ല. ഇതിനിടയിൽ 2019 ൽ ഇയാൾ പാസ്‌പോർട്ട് കാലാവധി കഴിഞ്ഞതിനെ തുടർന്ന് പുതുക്കാനായി അപേക്ഷിച്ചത്. അപേക്ഷ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളി.
പൊലീസ് റിപ്പോർട്ടിനെ തുടർന്ന് പാസ്‌പോർട്ട് റദ്ദാക്കിയതെന്നാണ് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചത്. നിത്യാനന്ദ സ്വന്തമായി രാജ്യമുണ്ടാക്കിയെന്ന വാർത്ത സംബന്ധിച്ച ചോദ്യത്തിന് സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടാകുന്നത് പോലെയല്ല ഒരു രാജ്യമുണ്ടാകുന്നത് എന്നായിരുന്നു അന്ന് രവീഷ് കുമാർ മാധ്യമങ്ങൾക്ക് നൽകിയ മറുപടി. നിത്യാനന്ദ എവിടെയാണുള്ളതെന്ന കാര്യം അറിയില്ലെന്നും ഇതേക്കുറിച്ച് വിദേശരാജ്യങ്ങളിൽ നിന്നും അറിയിപ്പ് പ്രതീക്ഷിക്കുന്നതായും രവീഷ് കുമാർ വ്യക്തമാക്കി.
ഇടയ്ക്ക് ഇയാൾ ഇക്വഡോറിൽ ഉണ്ടെന്ന് വാർത്ത വന്നിരുന്നെങ്കിലും ഇക്വഡോർ ഇത് നിഷേധിച്ചിരുന്നു. അതിനിടെ സാമ്പത്തിക തട്ടിപ്പുക്കേസിൽ നിത്യാനന്ദയ്‌ക്കെതിരെ ഫ്രഞ്ച് ഏജൻസികൾ അന്വേഷണം തുടങ്ങിയതായുള്ള വാർത്തകളും പുറത്ത് വന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ