മലപ്പുറം: യാത്രാ രേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പ്രവാസിയുടെ വിമാന യാത്ര മുടക്കിയതിന് ഗൾഫ് എയർ 5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടൻ അബ്ദുസലാം നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരൻ 20 വർഷമായി വിദേശത്ത് ഡ്രൈവർ ജോലി ചെയ്തു വരുന്നയാളാണ്. പരാതിക്കാരന്റെ പാസ്പോർട്ടിലെ ചില വിവരങ്ങളിൽ പിഴവുണ്ടായിരുന്നു. ഇത് നിയമാനുസൃതം തിരുത്തിയ ശേഷം പുതിയ പാസ്പോർട്ടും പഴയ പാസ്പോർട്ടുമായാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. വിസയിലും പാസ്പോർട്ടിലും വിവരങ്ങൾ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി വിമാന കമ്പനി യാത്ര നിഷേധിക്കുകയായിരുന്നു.

റദ്ദാക്കപ്പെട്ടത് പഴയ പാസ്പോർട്ട് മാത്രമാണെന്നും വിസ റദ്ദാക്കിയിട്ടില്ലെന്നും ഇത് പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോധ്യപ്പെടുത്തിയെങ്കിലും അംഗീകരിക്കാൻ ഗൾഫ് എയർ കമ്പനി അധികൃതർ തയ്യാറായില്ല. സൗദി അറേബ്യയിലെ ബന്ധപ്പെട്ടവരെ അറിയിച്ചുവെന്നും അവരും യാത്രാ രേഖകൾ ശരിയല്ലെങ്കിൽ അനുമതി നൽകരുതെന്നാണ് അറിയിച്ചതെന്നുമാണ് ഗൾഫ് എയർ ഉപഭോക്തൃ കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചത്. എന്നാൽ പരാതിക്കാരന്റെ രേഖകൾ ശരിയാം വിധം പരിശോധിച്ച് വ്യക്തത വരുത്താതെയാണ് ഗൾഫ് എയർ കമ്പനി യാത്ര തടഞ്ഞതെന്നും ആയത് സേവനത്തിലെ വീഴ്ചയാണെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു.

വിസ നൽകിയിട്ടുള്ളത് പാസ്പോർട്ടിനല്ല, പാസ്പോർട്ട് ഉടമയ്ക്കാണെന്നും രണ്ട് പാസ്പോർട്ടും ഒരാളുടേത് തന്നെയാണെന്നും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. യാത്രാ തിയ്യതിയുടെ പിറ്റേ ദിവസം ജോലിക്ക് ഹാജരാകേണ്ടിയിരുന്നതിനാൽ ജോലി നഷ്ടപ്പെട്ടുവെന്നും ദീർഘകാലം തുടർച്ചയായി ജോലി ചെയ്തിരുന്നതിനാൽ ലഭിക്കുമായിരുന്ന ആനുകൂല്യങ്ങൾ യാത്ര മുടങ്ങിയതു കാരണം നഷ്ടപ്പെട്ടുവെന്നുമുള്ള പരാതിക്കാരന്റെ വാദം പരിഗണിച്ചു കൊണ്ടാണ് കമ്മീഷന്റെ വിധി. വിമാന ടിക്കറ്റിന്റെ തുകയായ 24,000 രൂപയും കോടതി ചെലവായി 20,000 രൂപയും വിമാന കമ്പനി നൽകണം. വിധി പകർപ്പ് കിട്ടി ഒരു മാസത്തിനകം സംഖ്യ നൽകാത്ത പക്ഷം തുക നൽകുന്നതുവരേയും 9 ശതമാനം പലിശയും നൽകണമെന്ന് വിധിയിൽ പറഞ്ഞിട്ടുണ്ട്.