ലക്‌നൗ: ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളി നിലനിൽക്കുന്ന സ്ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആരംഭിച്ച ശാസ്ത്രീയ പരിശോധന ഈ മാസം 26ന് വൈകിട്ട് 5 മണി വരെ തടഞ്ഞ് സുപ്രീംകോടതി. സർവേ നടത്താനുള്ള വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അലഹാബാദ് ഹൈക്കോടതി സമീപിക്കാൻ പള്ളി മാനേജ്‌മെന്റ് കമ്മിറ്റിയോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. അതുവരെ തൽസ്ഥിതി തുടരണമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

നാളെ തന്നെ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 26ന് മുൻപ് വാദം കേൾക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിസ്ര എന്നിവരാണ് ഹർജി പരിഗണിച്ചത്.

ജില്ലാ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നു രാവിലെ ഏഴുമണിക്കാണു പരിശോധന ആരംഭിച്ചത്. പള്ളിയിൽ അംഗശുദ്ധി വരുത്തുന്ന സ്ഥലം ഒഴിവാക്കി പരിശോധന നടത്തി ഓഗസ്റ്റ് നാലിന് റിപ്പോർട്ട് വാരണാസി ജില്ലാ കോടതിക്ക് കൈമാറാനായിരുന്നു തീരുമാനം. കഴിഞ്ഞവർഷം മേയിൽ, കോടതി ഉത്തരവിനെത്തുടർന്നുള്ള വിഡിയോ സർവേയിലാണു ഈ ഭാഗത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം പറഞ്ഞത്.

ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി നിർമ്മിച്ചതെന്നു ചൂണ്ടിക്കാട്ടി, സമ്പൂർണ സർവേ വേണമെന്ന ഹർജിക്കാരുടെ ആവശ്യം പരിഗണിച്ചാണു സ്ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധനയ്ക്കു വാരാണസി ജില്ലാക്കോടതി അനുമതി നൽകിയത്. കേടുപാടുണ്ടാകുമെന്നതിനാൽ സർവേ ഒഴിവാക്കണമെന്ന മുസ്‌ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സർവേയ്ക്ക് അനുമതി നൽകിയത്. ശരിയായ വസ്തുതകൾ പുറത്തുവരാൻ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നായിരുന്നു ഉത്തരവ് പുറപ്പെടുവിക്കവേ കോടതി പറഞ്ഞത്.

കഴിഞ്ഞവർഷം മേയിൽ നടത്തിയ വിഡിയോ സർവേയിൽ പള്ളി പരിസരത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശിവലിംഗമല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണു മുസ്‌ലിം വിഭാഗം വാദിച്ചത്. ഇതിന്റെ കാലപ്പഴക്കം തീരുമാനിക്കാനുള്ള കാർബൺ ഡേറ്റിങ് നടത്തുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതുൾപ്പെടുന്ന ഭാഗം (പള്ളിയിൽ അംഗശുദ്ധി വരുത്തുന്ന സ്ഥലം) ഒഴിവാക്കി സർവേ നടത്താനാണു വാരാണസി കോടതി ഉത്തരവിട്ടത്. പള്ളിയിലെ ചടങ്ങുകളെ ബാധിക്കാതിരിക്കാനായി രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയാണു സർവേ നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.