ലഖ്നൗ: ഹാഥ്രസിൽ ദലിത് പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട കേസിൽ മുഖ്യപ്രതി സന്ദീപിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണ കോടതി. കേസിൽ മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയതിന് പിന്നാലെയാണ്, സന്ദീപിന് ഹാഥ്രസ് എസ്സി/എസ്ടി കോടതി ശിക്ഷ വിധിച്ചത്.കൂട്ട ബലാത്സംഗത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രവി, ലവ് ഖുഷ്, രാമു എന്നി പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഈ മുന്നുപേരും മുഖ്യപ്രതിയുടെ ബന്ധുക്കൾ കൂടിയാണ്.

എസ് എസി/എസ്ടി കോടതി ജഡ്ജി ത്രിലോക് പാൽ സിങ് ആണ് വിധി പ്രഖ്യാപിച്ചത്.ഐപിസി സെക്ഷൻ 304 പ്രകാരം, ബോധപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.മൂന്ന് പ്രതികൾക്കുമെതിരെ വേണ്ടത്ര തെളിവുകളില്ലെന്ന് കോടതി പറയുന്നു. അതേസമയം,കോടതി ഉത്തരവിൽ തൃപ്തരമല്ലെന്ന് യുവതിയുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തരവിനെതിരെ മേൽകോടതിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്. 2021ലാണ് ഇരുപത് വയസുള്ള ദളിത് യുവതിയെ പ്രതികൾ ഹാത്രസിലെ കൃഷി സ്ഥലത്ത് നിന്നും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പീഡനത്തിനിടെ ക്രൂരമായി പരിക്കേറ്റ പെൺകുട്ടി ഡൽഹിയിൽ ആശുപത്രിയിൽ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്.മൃതദേഹം ബന്ധുക്കളുടെ അനുമതിയില്ലാതെ പൊലീസും ജില്ലാ ഭരണകൂടവും ചേർന്ന് സംസ്‌കരിച്ചത് വലിയ വിവാദമായിരുന്നു. പ്രതികളെ സംരക്ഷിക്കാനാണ് പൊലീസിന്റെ നടപടിയെന്ന് അന്ന് വിമർശനം ഉയർന്നിരുന്നു.

2020 സെപ്റ്റംബർ 14നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. പത്തൊൻപതുകാരിയായ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തതിന് ശേഷം, വയലിൽ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.

പെൺകുട്ടിയുടെ മൃതദേഹം അർധരാത്രിയിൽ സംസ്‌കരിച്ചത് അടക്കം യുപി പൊലീസിന്റെ സമീപനങ്ങൾക്ക് എതിരെ രൂക്ഷ പ്രതിഷേധം ഉയർന്നിരുന്നു.പിന്നീട്, കേസ് സിബിഐ ഏറ്റെടുത്തു. നാലുപേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും 2020 മാർച്ച് വരെ പെൺകുട്ടിയും മുഖ്യപ്രതി സന്ദീപുമായി നല്ല ബന്ധമായിരുന്നെന്നും ബന്ധത്തിൽ വിള്ളലുണ്ടാക്കിയതാണ് പ്രതിക്ക് പക കൂടാൻ കാരണമെന്നും സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.