- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈക്കിൾ ഇടിച്ച് സീരിയൽ നടിയുടെ 63കാരിയായ അമ്മയ്ക്ക് പരിക്ക്; പത്ത് വയസുകാരനെതിരായ കേസ് റദ്ദാക്കി; 25000 രൂപ പൊലീസ് നഷ്ടപരിഹാരം നൽകണമെന്ന് മുംബൈ ഹൈക്കോടതി
മുംബൈ: സൈക്കിൾ ഇടിച്ച് 63കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പത്തുവയസുകാരനെതിരെ പൊലീസ് എടുത്ത കേസ് റദ്ദാക്കി മുംബൈ ഹൈക്കോടതി റദ്ദാക്കി. പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച കോടതി സർക്കാറിനോട് കുട്ടിക്കും മാതാവ് ആകാൻക്ഷ ത്യാഗി കേൽക്കറിനും 25000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ജഡ രേവതി മൊഹിതെ ദെരെ, എസ്.എം മോദക് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് റദ്ദാക്കിയത്.
കുട്ടിക്കെതിരെ കേസ് എടുക്കാൻ സബ് ഇൻസ്‌പെക്ടർക്ക് നിർദ്ദേശം നൽകിയ അസിസ്റ്റന്റ് പൊലീസ് കമീഷണർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും പൊലീസ് രേഖകളിൽ നിന്ന് കുട്ടിയുടെ പേര് നീക്കം ചെയ്യാനും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ഈ പണം ഈടാക്കണമെന്നും കോടതി നിർദേശിച്ചു.
മാർച്ച് 27നാണ് കേസിനാസ്പദമായ സംഭവം. ഗോറെഗാവിലെ ഒരു ഹൈ -റൈസ് സൊസൈറ്റിയിൽ സീരിയൽ നടി സിമ്രാൻ സച്ച്‌ദേവിന്റെ അമ്മയെയാണ് കുട്ടി സൈക്കിൾ കൊണ്ട് ഇടിച്ചത്. തുടർന്ന് നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പത്തുവയസുകാരനെതിരായ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി നടി രംഗത്തെത്തിയിരുന്നു. കുട്ടിയുടെ മതാപിതാക്കൾക്കെതിരെ നടപടിയെടുക്കണം എന്ന് മാത്രമായിരുന്നു താൻ ഉദ്ദേശിച്ചിരുന്നത് എന്നായിരുന്നു നടിയുടെ വിശദീകരണം.
ഹൈക്കോടതി വിധി തങ്ങൾക്കുള്ള ദീപാവലി സമ്മാനമാണെന്നും അധികാരം ദുരുപയോഗം ചെയ്തതിന് കർശന നടപടി സ്വീകരിക്കണമെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു.