- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷങ്ങൾ ചെലവിട്ട് റോഡ് നന്നാക്കിയത് ഒരു മാസം മുൻപ്; ആലുവ- പെരുമ്പാവൂർ റോഡ് തകർന്നതിൽ വിശദീകരണം തേടി ഹൈക്കോടതി; റിപ്പോർട്ട് ആവശ്യപ്പെട്ടത് ജില്ലാ കലക്ടറോടും വിജിലൻസിനോടും
കൊച്ചി: ഒരുമാസം മുൻപ് നന്നാക്കിയ ആലുവ- പെരുമ്പാവൂർ റോഡ് തകർന്നതിൽ വിശദീകരണം തേടി ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിശദീകരണം തേടിയത്. റോഡ് തകർന്നത് എങ്ങനെയെന്നതിൽ വിശദീകരണം നൽകാൻ ജില്ലാ കലക്ടറോട് കോടതി നിർദേശിച്ചു. വിജിലൻസിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഈ റോഡിൽ റീ ടാറിങ് നടത്തിയിട്ട് അഞ്ചു വർഷത്തിലധികമായി. ധനവകുപ്പ് പ്രത്യേകഫണ്ട് അനുവദിച്ച് അറ്റകുറ്റപ്പണി നടത്തിയ 17 കിലോമീറ്റർ റോഡിൽ കുഴികൾ രൂപപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ സ്‌കൂട്ടർ കുഴിയിൽ വീണുണ്ടായ അപകടത്തിൽനിന്ന് തോട്ടുമുഖം സ്വദേശിയായ എഴുപതുകാരനും കൊച്ചുമകളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
റോഡിന്റെ നിലവിലെ അവസ്ഥ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി നിരവധി തവണ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ പേര് കെ-റോഡ് എന്നാക്കി മാറ്റണോയെന്ന് കോടതി ചോദിച്ചിരുന്നു. സംസ്ഥാനത്ത് അനുദിനം റോഡപകടങ്ങൾ വർദ്ധിച്ചുവരികയാണ്. ഇത് അനുവദിക്കാനാകില്ല. മികച്ച റോഡുകൾ എന്നത് പൊതുജനത്തിന്റെ അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മോശം അവസ്ഥയിലായ റോഡുകളിൽ അറ്റകുറ്റപ്പണി നടത്താതെ ആ പണം മറ്റാവശ്യങ്ങൾക്കായി സർക്കാർ ഉപയോഗിക്കുന്നു. നിർമ്മാണം പൂർത്തിയായി ആറ് മാസത്തിനുള്ളിൽ റോഡ് തകർന്നാൽ വിജിലൻസ് കേസ് എടുക്കണം. റോഡ് പണിക്ക് നേതൃത്വം നൽകുന്ന എൻജിനീയർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.