കൊച്ചി: മുഖ്യമന്ത്രി, മകൾ വീണ വിജയൻ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ ആരോപണ വിധേയർക്ക് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി തീരുമാനം. സുപ്രീംകോടതി വിധികൾ പരിഗണിച്ചാണ് തീരുമാനം. ആരോപണ വിധേയരുടെ അഭിപ്രായം തേടാതെ ഹർജിയിൽ വിധി പറയുന്നതിലെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞാണ് തീരുമാനം. സ്വാഭാവിക നീതി ഉറപ്പാക്കാൻ കൂടിയാണ് ഇത്. കേസിൽ എതിർ കക്ഷികളേയും ഉൾപ്പെടുത്തുകയാണ് കോടതി.

മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. പരാതിക്കാരൻ മരിച്ചിരുന്നു. അതുകൊണ്ട് സ്വമേധയാ ഈ കേസിൽ ഇടപെടൽ നടത്തുകയാണ് കോടതി. വിജിലൻസ് കോടതിയുടെ ഉത്തരവ് തെറ്റാണെന്ന് അമിക്കസ് ക്യൂറി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എതിർകക്ഷികൾക്കു പറയാനുള്ളതു കേൾക്കാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ ബാബുവിന്റെ നടപടി. മുഖ്യമന്ത്രിയും മകളും ഉൾപ്പെടെ 12 പേർക്കാണ് നോട്ടീസ് അയയ്ക്കുക. മുൻ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്. 

രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതിന് സാക്ഷി മൊഴികളുണ്ടെന്നും ഈ സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടേണ്ടതായിരുന്നെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. വിജിലൻസ് കോടതിയുടെ കണ്ടെത്തലുകൾ തെറ്റാണെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ചുണ്ടികാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആരോപണ വിധേയരോട് ഹൈക്കോടതി വിശദീകരണം തേടുന്നത്. എല്ലാവരേയും കേൾക്കേണ്ടതുണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷണം.

മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണം വേണം എന്നതായിരുന്നു ഗിരീഷ് ബാബുവിന്റെ ഹർജിയിലെ ആവശ്യം. ഗിരീഷ് ബാബുവിന്റെ മരണത്തെ തുടർന്നാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. ആദായനികുതി വകുപ്പിന്റെ ഇന്ററിം ബോർഡ് ഓഫ് സെറ്റിൽമെന്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് രേഖകളിലുള്ളത്.

വിവാദത്തെക്കുറിച്ച് മുഖ്യമന്ത്രിയോ വീണയോ ഇതുവരെ കൃത്യമായി പ്രതികരിച്ചിട്ടില്ല. അതേസമയം, വീണയുടെയും കമ്പനിയുടെയും പണമിടപാടുകൾ നിയമപരമാണെന്നും സുതാര്യമാണെന്നും വിശദീകരിക്കാൻ സിപിഎം. രംഗത്തിറങ്ങുന്ന അസാധാരണത്വവും ഇതിലുണ്ടായി. വീണയുടേത് അഴിമതിയാണെന്ന വാദം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉയർത്തിയിരുന്നു. മാത്യു കുഴൽ നാടനും ശക്തമായി രംഗത്തുണ്ട്.