- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വടക്കഞ്ചേരി ബസ് അപകടം ഹൃദയഭേദകം; ഡ്രൈവർമാരുടെ അശ്രദ്ധ കാണാതിരിക്കാനാവില്ല; റോഡിൽ ഇനി ചോര വീഴരുത്; ലൈൻ ട്രാഫിക്ക് ഉടൻ നടപ്പിലാക്കണം; നിയമം ലംഘിക്കുന്നവരോട് വിട്ടുവീഴ്ച വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: പാലക്കാട് വടക്കഞ്ചേരിയിൽ വിദ്യാർത്ഥികളടക്കം 9 പേരുടെ മരണത്തിനിടയാക്കിയ അപകടം ഹൃദയഭേദകമെന്ന് ഹൈക്കോടതി. അപകടത്തിന് പിന്നാലെ ട്രാൻസ്പോർട്ട് കമ്മീഷണറോട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത ഇന്ന് ഹൈക്കോടതിയിൽ ഹാജരായി. റോഡ് സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്വവും ട്രാൻസ്പോർട്ട് കമ്മീഷണർക്കാണെന്ന് കോടതി വ്യക്തമാക്കി. റോഡിലെ അശ്രദ്ധയെ കുറിച്ച് ആശങ്കയുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. ഇത്തരം അപകടങ്ങൾ ഭാവിയിൽ ആവർത്തിക്കരുതെന്നും ഇതിനായി ശാശ്വത പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
അതേസമയം അശ്രദ്ധ മൂലമുള്ള അപകടം തടയാൻ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നായിരുന്നു എസ് ശ്രീജിത്ത് കോടതിയെ അറിയിച്ചത്. എന്നിട്ടും അപകടങ്ങൾ തുടരുകയാണല്ലോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ കുറവാണ്. 1.67 കോടി വണ്ടികൾ റോഡുകളിലുണ്ടെന്നും ഇവ നിയന്ത്രിക്കാനും വേണ്ട നടപടികളെടുക്കാനുമായി 368 ഉദ്യോഗസ്ഥർ മാത്രമാണുള്ളതെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. എൻഫോഴ്സ്മെന്റ് അമിത വേഗത കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചു.
റോഡിൽ ഇറങ്ങിയാൽ ബസുകൾ തമ്മിലുള്ള മത്സരയോട്ടമാണ് കാണുന്നതെന്ന് കോടതി പറഞ്ഞു. മിക്ക ബസുകളും നിയന്ത്രിക്കുന്നത് അധികാര കേന്ദ്രവുമായി അടുപ്പമുള്ളവരാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവണമെന്നും കോടതി നിർദ്ദേശിച്ചു. വടക്കഞ്ചേരി അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കോടതിയിൽ പറഞ്ഞു.
എന്നാൽ ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് കോടതിക്ക് അറിയാമെന്നും ട്രാൻസ്പോർട്ട് കമ്മീഷണറെ കുറ്റപ്പെടുത്താൻ അല്ല ഉദ്ദേശിച്ചതെന്നും റോഡിൽ പുതിയൊരു സംസ്‌കാരം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.വടക്കഞ്ചേരി അപകടത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയായിരുന്നു മോട്ടോർ വാഹന വകുപ്പിനെതിരെയുള്ള കോടതിയുടെ രൂക്ഷവിമർശനം.