കൊച്ചി: സംസ്ഥാനത്തെ റോഡുകളിൽ ഇറങ്ങുന്നവർ ഭാഗ്യം കൊണ്ടാണ് തിരിച്ചു വീട്ടിൽ എത്തുന്നതെന്നും റോഡിൽ ഇറങ്ങുന്നവർ തിരിച്ച് ശവപ്പെട്ടിയിൽ പോകേണ്ടി വരരുതെന്നും ഹൈക്കോടതി. ആലുവ-പെരുമ്പാവൂർ റോഡിന്റെ തകർച്ചയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. റോഡിന്റെ ചുമതലയുള്ള സൂപ്രണ്ടിങ് എൻജിനീയർ അടക്കം മൂന്ന് എൻജിനീയർമാർ കോടതിയിൽ ഹാജരായി കാര്യങ്ങൾ വിശദീകരിച്ചു. സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് റോഡ് നവീകരിക്കുന്നുണ്ട് എന്നായിരുന്നു സർക്കാരിന്റെ മറുപടി.

കാലവർഷം തുടങ്ങിയതിന് ശേഷമാണ് റോഡ് തകർന്നു തുടങ്ങിയതെന്ന് സൂപ്രണ്ടിങ് എൻജിനീയർ കോടതിയിൽ അറിയിച്ചു. കഴിഞ്ഞ മെയ്‌ മാസത്തോടെയാണ് ഈ റോഡിൽ കുഴികൾ രൂപപ്പെട്ടു തുടങ്ങിയത്. അപ്പോൾ തന്നെ, അപകടസാധ്യതയുണ്ടെന്നും റോഡ് നന്നാക്കേണ്ടതുണ്ട് എന്നുമുള്ള കാര്യം രേഖാമൂലം ചീഫ് എൻജിനീയറെ അറിയിച്ചിരുന്നു. റോഡ് ഫണ്ട് ബോർഡിന് കൈമാറിയ റോഡ് ആയതിനാലാണ് ഇത്തരത്തിൽ അറിയിപ്പ് നൽകിയത്.

കാരണം റോഡ് ഫണ്ട് ബോർഡിന് കൈമാറിയ റോഡുകളിൽ, പൊതുമരാമത്ത് വകുപ്പിലെ നിരത്തു വിഭാഗത്തോട് മറ്റ് നിർമ്മാണ പ്രവൃത്തികൾ ചെയ്യേണ്ടതില്ലെന്ന് ചീഫ് എൻജിനീയർ നേരത്തെ രേഖാമൂലം അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ആലുവ- പെരുമ്പാവൂർ റോഡ് പൊട്ടിപ്പൊളിഞ്ഞ് തുടങ്ങിയ കാര്യം ചീഫ് എൻജിനീയറെ അറിയിച്ചതെന്നും സൂപ്രണ്ടിങ് എൻജിനീയറും മറ്റ് എൻജിനീയർമാരും കോടതിയെ അറിയിച്ചു.

ഇതോടെ അതിരൂക്ഷ വിമർശനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഈ റോഡിൽ വീണാണ് യാത്രികനായ കുഞ്ഞുമുഹമ്മദിന്റെ മരണം സംഭവിച്ചത്. ഇത് ഒഴിവാക്കാവുന്ന അപകടമായിരുന്നു. കീഴുദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടും വിഷയത്തിൽ നടപടി എടുത്തില്ല എന്നതാണ് കോടതിയുടെ രൂക്ഷവിമർശനത്തിന് കാരണമായത്.

വളരെ ദയനീയമാണ് റോഡുകളുടെ അവസ്ഥ. വീട്ടിൽനിന്ന് പുറത്ത് ഇറങ്ങുന്നവർ തിരിച്ച് ശവപ്പെട്ടിയിൽ കയറി വരാതിരിക്കാനുള്ള നടപടി എടുക്കേണ്ടത് സർക്കാരാണ്. പക്ഷേ അതിനുള്ള യാതൊരുവിധ നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന രൂക്ഷവിമർശനവും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നടത്തി. സംസ്ഥാനത്തിന്റെ ധനസ്ഥിതി അനുസരിച്ച് കഴിയാവുന്ന രീതിയിൽ റോഡ് നവീകരിക്കുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചത്.