കൊച്ചി: താനൂർ ബോട്ട് ദുരന്തത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ഹൈക്കോടതി സ്വമേധയാ കേസെടുത്തതിനെതിരെ സൈബർ ഇടങ്ങളിൽ നടക്കുന്ന വിമർശനഭങ്ങളെയും പരിഹാസങ്ങളെയും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിമർശനം ഉന്നയിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കടുത്ത ആക്രമണമാണ് ഹൈക്കോടതി നേരിടേണ്ടി വരുന്നതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം കേരളത്തിൽ ആകെ എത്ര ബോട്ടുകൾ സർവ്വീസ് നടത്തുന്നുണ്ടെന്ന് ചോദിച്ച കോടതി, ഇവയെല്ലാം പരിശോധിക്കാൻ സമയമെടുത്തേക്കാം. അത് നടക്കട്ടെ. എന്നാൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റി സർവ്വീസ് നടത്തരുതെന്ന കൃത്യമായ നിർദ്ദേശം നൽകണമെന്ന് നിർദേശിച്ചു. ഈ ബോട്ടുകൾക്കെല്ലാം ഇൻഷൂറൻസ് ഉണ്ടോ. അത് നിർബന്ധമല്ലേയെന്നും കോടതി ചോദിച്ചു.ഒരു സാധാരണ പൗരനെന്ന നിലയിൽ, ഇനിയൊരു ബോട്ടം ദുരന്തം ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന് എന്ത് ചെയ്യാനാവുമെന്ന് അറിയിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് കോടതി നിർദേശിച്ചിരുന്നു.

കളക്ടർ റിപ്പേർട്ട് സമർപ്പിച്ചതിനൊപ്പം മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്തെന്നും കോടതിയെ അറിയിച്ചു.'32 വർഷമായി ഞാൻ കോടതി നടപടികളുടെ ഭാഗമായി പ്രവർത്തിച്ചുവരികയാണ്. അടുത്തയാഴ്‌ച്ച കേസ് ചീഫ് ജസ്റ്റിസിന് മുമ്പിലേക്ക് എത്തുന്നതിനിടെ മറ്റൊരു ദുരന്തം കൂടി ഉണ്ടാവാൻ ആഗ്രഹിക്കുന്നില്ല. കോടതി ജനങ്ങൾക്കൊപ്പം നിൽക്കുമ്പോൾ അതിനെ സർക്കാർ വിരുദ്ധമെന്ന് വ്യാഖ്യാനിക്കുന്നു. വിഷയത്തിൽ സ്വമേധയാ കേസെടുത്തിനാൽ കോടതിയും ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമാവുകയാണ്.' ജസ്റ്റിസ് ദേവൻരാമചന്ദ്രൻ പറഞ്ഞു.

കേരളത്തിൽ സംഭവിച്ച മിക്ക ബോട്ട് അപകടങ്ങളുടേയും കാരണം അമിതമായി ആളുകളെ കയറ്റിയതാണെന്നും കോടതി വിമർശിച്ചു. ഇത് തടയാൻ എന്താണ് ചെയ്തതെന്ന് കോടതി ആരാഞ്ഞപ്പോൾ ജില്ലാ കളക്ടർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മറുപടി നൽകി. എന്നാൽ, കളക്ടർ എന്നത് ഒരു ജില്ലയുടെ പ്രതിനിധിയാണ്. മിക്കവാറും എല്ലാ ജലാശയങ്ങളിലും ഇപ്പോൾ ബോട്ടുകളുണ്ട്. മികച്ച, സുരക്ഷിതമായ ടൂറിസമാണ് നമ്മൾ ആഗ്രഹിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.സംസ്ഥാനത്തെ ബോട്ടുകളെക്കുറിച്ച് നിങ്ങൾ ബോധവാന്മാരല്ലേ. അമിത ഭാരം കയറ്റി ബോട്ടുകൾ സർവ്വീസ് നടത്തുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ വൈകാരികമായി തളർന്നിരിക്കുകയാണ്. ഞങ്ങൾക്ക് കുട്ടികളെ നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം നടക്കെട്ട, അതിൽ ഇടപെടുന്നില്ല. ഇതുവരേയും സഹിഷ്ണുത പാലിച്ചു. ലക്ഷണ രേഖ ഇതിനകം മറികടന്നു. ഇക്കാര്യത്തിൽ നിശബ്ദരാക്കാനാകില്ല.' ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.'ബന്ധപ്പെട്ടവർ ക്യത്യനിർവഹണത്തിൽ വീഴ്‌ച്ച വരുത്തുമ്പോൾ മാത്രമാണ് ഇടപെടുന്നത്. മൈക്രോ മാനേജ്മെന്റ് ചെയ്യാനല്ല ഞങ്ങൾ ഇവിടെ വന്നത്. ചെയ്യേണ്ട പണിയിൽ പരാജയപ്പെടുമ്പോൾ മാത്രമാണ് ഞങ്ങൾ ഇടപെടുന്നത്. രാജ്യത്തെ മികച്ച പൊലീസ് സേനയാണ് നമ്മുടേത്.

അത് നിലനിർത്തേണ്ടതുണ്ട്. ബോട്ടുകളിൽ അമിതമായി ആളുകളെ കയറ്റുന്നതാണ് പ്രശ്നം. ഗുരുത്വാകർഷണ കേന്ദ്രം എന്താണെന്ന് ഈ കൊച്ചുകുട്ടികൾക്കും സ്ത്രീകൾക്കും അറിയാമോ? ഒരു കുടുംബത്തിന് 11 പേർ നഷ്ടപ്പെട്ടതായി അറിഞ്ഞു. ഭരണഘടനയോടും ജനങ്ങളോടും ഞങ്ങൾക്ക് ധാർമ്മികതയുണ്ട്.' എന്നും കോടതി വിമർശിച്ചു.കേസിൽ കക്ഷി ചേരാൻ മരിച്ചയാളുടെ അമ്മ നൽകിയ അപേക്ഷയെ സർക്കാർ എതിർത്തു. കേസിൽ അഡ്വ. വി എം ശ്യാംകുമാറിനെ അമിക്കസ്‌ക്യൂറിയായി ഹൈക്കേടതി നിയോഗിച്ചു.

ദേവൻ രാമചന്ദ്രനെതിരയായിരുന്നു സൈബറിടങ്ങളിൽ കടുത്ത വിമർശനം നേരിടേണ്ടി വന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കോളേജിൽ പോയി പഠിക്കാതെയാണ് ഈ മണ്ടത്തരങ്ങളും കുസൃതിയുമൊക്കെ ചെയ്യുന്നതെന്ന് കരുതാം. മറ്റേ മണ്ടൻ കൊണാപ്പി ദേവൻ അങ്ങനാണോ? എൽഎൽബിയും വച്ചോണ്ട് ദേവരാജ പ്രതാപവർമ കളിക്കുന്നു മപ്പാസ്..!... ഇങ്ങനെയായിരുന്നു കടുത്ത അധിക്ഷേപം. ഇത്തരം പോസ്റ്റുകൾ ഇട്ടവർക്ക് എതിരെ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ടു ചീഫ് ജസ്റ്റിസിനു പരാതി കിട്ടിയിട്ടുണ്ട്. ഇതിൽ കോടതി നടപടി നിർണ്ണായകമാകും. ഡോ. വന്ദന വിഷയത്തിൽ ഇടപെട്ടതിനും ഹൈക്കോടതിക്ക് നേരെ വിമർശനം ഉയരുന്നുണ്ട്. ഇടതു പ്രൊഫൈലുകളിൽ നിന്നുമാണ് വിമർശനം ശക്തമായിരിക്കുന്നത്.