കൊച്ചി: പാതയോരത്തെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ദുരന്തം ഉണ്ടാകാൻ അധികൃതർ കാത്തിരിക്കുകയാണെന്ന് കോടതി വിമർശിച്ചു.

തൃശ്ശൂരിൽ സ്‌കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ റോഡരികിലെ പ്ലാസ്റ്റിക് ചരട് കുരുങ്ങി പരിക്കേറ്റ സംഭവത്തിലാണ് ഹൈക്കോടതി രോഷം പ്രകടിപ്പിച്ചത്. സംഭവം ഭയാനകമാണെന്ന് പറഞ്ഞ കോടതി, തൃശൂർ കോർപറേഷൻ സെക്രട്ടറി നാളെ നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശിച്ചു.

അനധികൃത കോടിതോരണവും ബാനറും വെക്കുന്നവർ കാറിൽ യാത്ര ചെയ്യുന്നവരാണ്. അത്തരം ആളുകൾക്ക് പ്രശ്‌നം ഇല്ല. സാധാരണക്കാരാണ് ഇതെല്ലാം കൊണ്ട് വലയുന്നതെന്നും കോടതി വിമർശിച്ചു. കൊച്ചിയിൽ അടക്കം വിവിധ സ്ഥലങ്ങളിൽ ഇത്തരം പ്രശ്‌നം ഉണ്ടെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

പാതയോരത്തെ ഇത്തരം കാര്യങ്ങൾ നീക്കാൻ നിരവധി ഉത്തരവ് ഉണ്ടായിട്ടും അധികൃതർ പാലിക്കുന്നില്ലെന്നും കോടതി വിമർശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്. ഹർജി നാളെ ഉച്ചയ്ക്ക് 1.45 ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസം, സ്‌കൂട്ടറിൽ പോവുകയായിരുന്ന അഡ്വ. കുക്കു ദേവകിയുടെ കഴുത്തിലാണ് തോരണം പൊട്ടിവീണ് കുരുക്കായത്. പ്ലാസ്റ്റിക് കയർ മുറുകി പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രിത വേഗതയിലായതിനാൽ വീണില്ല. തോരണം അഴിപ്പിക്കണമെന്ന് കാണിച്ച് കുക്കു കളക്ടർക്കും പൊലീസിനും പരാതി നൽകിയിരുന്നു. വാർത്ത പുറത്തുവന്നതിന് പിന്നാലെ തോരണം നീക്കാൻ പൊലീസ് നിർദ്ദേശം നൽകി. ഉച്ചയോടെ തോരണങ്ങൾ അഴിച്ചു മാറ്റുകയും ചെയ്തു.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കെട്ടിയ കൊടിതോരണങ്ങൾ നീക്കിയെങ്കിലും സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. പാതയോരങ്ങളിൽ യാത്രക്കാർക്ക് തടസമായി കൊടിതോരണങ്ങൾ തൂക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കുമ്പോഴായിരുന്നു കിസാൻ സഭ നിയമലംഘനം നടത്തിയത്. അതേസമയം, കോടതി ഇടപെടലിൽ സന്തോഷമുണ്ടെന്ന് അഡ്വ. കുക്കു ദേവകി പ്രതികരിച്ചു. സാധാരക്കാർക്ക് വേണ്ടിയായിരുന്നു പരാതിയുമായി മുന്നോട്ട് പോയത്. നടപടിയെടുക്കേണ്ടത് സ്ഥാനങ്ങളിലിരിക്കുന്നവരാണെന്നും കുക്കു ദേവകി പറഞ്ഞു.