- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പൊതുനഷ്ടം എത്ര ; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയോ എന്നും കടുപ്പിച്ച് ഹൈക്കോടതി; ഓരോ കേസിലെയും നഷ്ടത്തിന്റെ കണക്ക് പ്രത്യേകമായി സമർപ്പിക്കണമെന്നും നിർദ്ദേശം
കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിനോട് അനുബന്ധിച്ച് സർക്കാരിനുണ്ടായ നഷ്ടം കണക്കാക്കി റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി. ഓരോ കേസിലുമുണ്ടായ നഷ്ടത്തിന്റെ കണക്ക് പ്രത്യേകമായി സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
നഷ്ടപരിഹാരം തിരിച്ചുപിടിക്കാൻ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താനും കോടതി ആവശ്യപ്പെട്ടു. സമരവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ അറസ്റ്റുകൾ, വിവിധ കീഴ് കോടതികളിൽ കെട്ടിക്കിടക്കുന്ന ജാമ്യാപേക്ഷകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും കോടതി തേടി.
ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സമരത്തിനെതിരെ സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുകയായിരുന്നു ഹൈക്കോടതി. കേസ് പരിഗണിക്കുന്നത് നവംബർ ഏഴിലേക്ക് മാറ്റി. ഈ ദിവസം സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി അറിയിച്ചിരിക്കുന്നത്.
പിഎഫ്ഐ ഓഫീസുകളിൽ നടന്ന എൻഐഎ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് സെപ്റ്റംബര് 23 ന് പിഎഫ്ഐ മിന്നൽ ഹർത്താൽ നടത്തിയത്. രാജ്യവ്യാപകമായി പ്രഖ്യാപിക്കപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വലിയ തോതിലുള്ള അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പൊതുഗതാഗത സംവിധാനങ്ങൾക്ക് നേരെയുൾപ്പടെ കല്ലേറുണ്ടാവുകയും, നാശം സംഭവിക്കുകയും ചെയ്തിരുന്നു. സർക്കാരിന്റെ ആദ്യഘട്ട പരിശോധനയിൽ 5 കോടി 20 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ഈ തുക രണ്ടാഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരമായി അടയ്ക്കണമെന്നായിരുന്നു കോടതി ഉത്തരവ്.
മിന്നൽ ഹർത്താലുകൾ നിരോധിച്ചുകൊണ്ട് 2019 ജനുവരി 7ൽ പുറപ്പെടുവിക്കപ്പെട്ട കോടതി വിധിയുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഹർത്താലിനെതിരെ െൈഹക്കോടതി കേസെടുത്തിരിക്കുന്നത്. സമരത്തിന് ആഹ്വാനം ചെയ്ത പിഎഫ്ഐ ജനറൽ സെക്രട്ടറി എ. അബ്ദുൾ സത്താറാണ് കേസിലെ മുഖ്യപ്രതി.
പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം തിരിച്ചുപിടിക്കണമെന്നും അതുവരെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും ആ ഘട്ടത്തിൽ ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിനിടെ, സമരത്തിന്റെ അഞ്ചാംദിവസം സെപ്റ്റംബർ 28 ന് പോപ്പുലർ ഫ്രണ്ടിനെയും ക്യാമ്പസ് ഫ്രണ്ട് ഉൾപ്പടെ എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ