കൊച്ചി: മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തു കേരളത്തിൽ ഓടുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് സംസ്ഥാനത്തു നികുതി ഈടാക്കാമെന്നു ഹൈക്കോടതി. രജിസ്ട്രേഷൻ കേരളത്തിലേക്കു മാറ്റുകയോ സംസ്ഥാനത്തു നികുതി അടയ്ക്കുകയോ ചെയ്യാത്ത വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ അനുവദിക്കില്ലെന്ന ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവു ചോദ്യം ചെയ്ത് ടൂറിസ്റ്റ് വാഹന ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിലപാടു വ്യക്തമാക്കിയത്.

കേന്ദ്രനിയമത്തിന്റെ അഭാവത്തിൽ നികുതി ഈടാക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നു കോടതി വ്യക്തമാക്കി. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്ന് ഓൾ ഇന്ത്യ പെർമിറ്റ് ഫീസ് കൂടാതെ സംസ്ഥാനം നികുതി പിരിക്കുന്നത് ഇരട്ട നികുതി ആണെന്നാണ് വാഹന ഉടമകൾ വാദിച്ചത്. ഇത് അന്തർ സംസ്ഥാന യാത്രകൾ സുഗമമാക്കുന്നതിനു കേന്ദ്രം ആവിഷ്‌കരിച്ച ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സംവിധാനം അട്ടിമറിക്കാനുള്ള നീക്കമാണെന്നു വാഹന ഉടകൾ ആരോപിച്ചിരുന്നു.

കേരളത്തിലേക്ക് രജിസ്റ്റ്രേഷൻ മാറ്റിയില്ലെങ്കിൽ കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമ പ്രകാരം നികുതി ഈടാക്കുമെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവ് ഇറക്കിയത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത് തമിഴ്‌നാട്ടിലേക്ക് സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളിൽ നിന്ന് തമിഴ്‌നാട് നികുതി ഈടാക്കുന്നുണ്ടെന്നും ഈ നടപടി തമിഴ്‌നാട് ഹൈക്കോടതി ശരിവച്ചിട്ടുണ്ടെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.