- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം നൽകിയില്ല; പത്തനംതിട്ട ജില്ലാ കലക്ടറുടെതടക്കം അഞ്ച് വാഹനങ്ങൾ തൽക്കാലം ജപ്തി ചെയ്യില്ല; വാഹനങ്ങൾ ജപ്തി ചെയ്യാനുള്ള ഉത്തരവിന് ഹൈക്കോടതിയിൽ നിന്ന് സ്റ്റേവാങ്ങി ജില്ലാ ഭരണകൂടം
പത്തനംതിട്ട: പത്തനംതിട്ട റിങ് റോഡിനുവേണ്ടി സ്ഥലം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം നൽകാത്തതുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ കലക്ടറുടേതടക്കം അഞ്ച് വാഹനങ്ങൾ ജപ്തി ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. റിങ് റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകിയില്ലെന്ന കേസിലാണ് അഞ്ച് വാഹനങ്ങൾ ജപ്തി ചെയ്യാൻ സബ് കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ജില്ലാ ഭരണകൂടം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി ജപ്തി നടപടികൾ താത്കാലികമായി സ്റ്റേ ചെയ്തു.
2008ലാണ് പത്തനംതിട്ട റിങ് റോഡിനു വേണ്ടി മൂന്ന് സെന്റ് സ്ഥലം ഏറ്റെടുത്തത്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉടമയ്ക്ക് നഷ്ടപരിഹാരമായി പലിശയുൾപ്പെടെ ഏകദേശം 38 ലക്ഷം രൂപ നൽകാൻ കോടതി വിധിച്ചിരുന്നു. എന്നാൽ ഇത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശിയായ ഉടമ സബ് കോടതിയെ സമീപിച്ചു.
പൊതുമരാമത്ത് വകുപ്പാണ് പണം നൽകേണ്ടത്. ജില്ലാ ഭരണകൂടം പല തവണ വകുപ്പിന് കത്ത് നൽകിയെങ്കിലും ഫലം ഉണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് ഏഴ് ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്.
ബാക്കി തുക കൂടിലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയെ സമീപിച്ചപ്പോൾ, കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് സബ് കോടതിക്ക് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സബ് കോടതി ജപ്തിക്ക് ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടം ഹൈക്കോടതിയെ സമീപിച്ചത്.