- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്മപുരം തീപിടുത്തം: കൊച്ചി കോർപ്പറേഷന് നൂറ് കോടി പിഴ ചുമത്തിയ ഹരിത ട്രിബ്യൂണൽ ഉത്തരവിന് താൽക്കാലിക സ്റ്റേ; മെയ് രണ്ടിന് തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി; നിരീക്ഷണം തുടരും; കേസ് മെയ് 23 ന് പരിഗണിക്കും
കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിൽ കൊച്ചി കോർപ്പറേഷന് നൂറ് കോടി പിഴ ചുമത്തിയ ഹരിത ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. എട്ട് ആഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചത്. മെയ് രണ്ടിന് തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
ജില്ലാ കളക്ടർ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി നിരീക്ഷണം തുടരും. കേസ് മെയ് 23 ന് വീണ്ടും പരിഗണിക്കും
ബ്രഹ്മപുരം തീപിടുത്തത്തിൽ കൊച്ചി കോർപ്പറേഷന് നൂറ് കോടി രൂപയാണ് ദേശീയ ഹരിത ട്രിബ്യൂണൽ പിഴയിട്ടത്. ചീഫ് സെക്രട്ടറിക്ക് മുൻപാകെ ഒരു മാസത്തിനുള്ളിൽ തുക അടക്കണം എന്നായിരുന്നു കഴിഞ്ഞ മാസം ട്രിബ്യൂണർ ഉത്തരവിട്ടത്.
തീപിടുത്തത്തെ തുടർന്നുണ്ടായ പൊതുജനാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഈ തുക വിനിയോഗിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും ഉത്തരവിൽ ട്രിബ്യൂണൽ നിർദ്ദേശിച്ചിരുന്നു. മാലിന്യ സംസ്‌കരണത്തിന് നടപടികൾ സ്വീകരിക്കാത്തിന് സർക്കാരിനും കോർപ്പറേഷനും കടുത്ത വിമർശനമാണ് ട്രിബ്യൂണൽ ഉയർത്തിയത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്‌നങ്ങളുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും മോശം ഭരണമാണ് ഈ സ്ഥിതിക്കു കാരണമെന്നും ദേശീയ ഹരിത ട്രിബ്യൂണൽ വിമർശിച്ചിരുന്നു. വേണ്ടിവന്നാൽ 500 കോടി രൂപ പിഴ വിധിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. തീപിടിത്ത വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത ട്രിബ്യൂണൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
മാലിന്യ നീക്കത്തിന് വേഗത പോരെന്ന് കോടതി പറഞ്ഞു. അതേസമയം 210 - 230 ടൺ ജൈവ മാലിന്യം എല്ലാ ദിവസവും മാറ്റുന്നുണ്ടെന്ന് കോർപ്പറേഷൻ കോടതിയെ അറിയിച്ചു.ആളുകൾ റോഡരികിൽ മാലിന്യം തള്ളുന്നത് പ്രതിസന്ധിയാണെന്നും കോർപ്പറേഷൻ കോടതിയെ അറിയിച്ചു.
അതേ സമയം കൊച്ചിയിലെ ജലസ്രോതസുകളിൽ ഇ-കോളി ബാക്ടീരിയ സാന്നിധ്യമെന്ന് എറണാകുളം കലക്ടർ ഹൈക്കോടതിയിൽ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച സാംപിളുകളിൽ എല്ലാം ബാക്ടീരിയ കണ്ടെത്തിയെന്നു കലക്ടർ അറിയിച്ചു. ഇ-കോളി ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.
കൊച്ചിയിലെ മാലിന്യപ്രശ്‌നത്തിലും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. റോഡുകൾ ബ്രഹ്മപുരത്തിന് തുല്യമായെന്ന് ഹൈക്കോടതി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ വൈകിയതോടെ റോഡുകൾ മാലിന്യക്കൂമ്പാരമായെന്നും മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ