- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിലയ്ക്കലിലെയും പമ്പയിലെയും തീർത്ഥാടകരുടെ തിരക്ക് പരിഹരിക്കണം; ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം'; റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം
കൊച്ചി : നിലയ്ക്കലിലും പമ്പയിലും കെഎസ്ആർടിസി ബസിൽ കയറാനുള്ള തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോടെ പരിഹാരം കാണണമെന്ന് നിർദ്ദേശം നൽകി ഹൈക്കോടതി. പമ്പയിലും നിലയ്ക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിർദ്ദേശം നൽകി.
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ബസുകളിൽ കയറാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം. ഇവരെ ബസ്സിന്റെ മുൻ വാതിലിലൂടെ ആദ്യം കയറാൻ അനുവദിക്കണം. അതിനുശേഷം മാത്രമേ മറ്റ് യാത്രക്കാരെ പിൻവാതിൽ വഴി കയറ്റാവൂ. നടപടികൾ ഇന്നുതന്നെ സ്വീകരിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ആവശ്യത്തിന് കെ എസ് ആർ ടി സി ബസുകളില്ലെന്ന് ഹൈക്കോടതിയെ തീർത്ഥാടകൻ കത്തിലൂടെ അറിയിക്കുകയായിരുന്നു. ഇക്കാര്യത്തിൽ മറുപടി നൽകാൻ പത്തനംതിട്ട ജില്ലാ കലക്ടർക്കും എസ്‌പിക്കും ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. തീർത്ഥാടകന്റെ പരാതി കോടതി പരിഗണിക്കവെയാണ് നിർദ്ദേശം.
പമ്പയിലേക്കു സർവീസ് നടത്തുന്ന എല്ലാ സർവീസുകളും തീർത്ഥാടനം കഴിയുംവരെ കെഎസ്ആർടിസി ശബരിമല സ്‌പെഷൽ ആക്കിയിരിക്കുകയാണ്. തിരുവനന്തപുരം, കൊട്ടാരക്കര, പന്തളം, എരുമേലി ഡിപ്പോകളിൽനിന്നു പമ്പയിലേക്ക് ദിവസവും സർവീസ് നടത്തിവന്ന ഷെഡ്യൂൾ ബസുകളും സ്‌പെഷൽ ആക്കി. എരുമേലിയിൽനിന്നു പമ്പയിലേക്ക് ഉണ്ടായിരുന്ന ഓർഡിനറി സർവീസ് തീർത്ഥാടനം കഴിയും വരെ അട്ടത്തോട് വരെ മാത്രമാക്കി പരിമിതപ്പെടുത്തി.