കൊച്ചി: ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. അക്കൗണ്ടുകൾ മരവിപ്പിച്ചാൽ ആളുകൾ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോട് നിർദേശിക്കുകയും ചെയ്തു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് വിജു എബ്രഹാം അറിയിച്ചു.

അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവർ സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സി.ആർ.പി.സി 102 പ്രകാരമല്ലാതെ എങ്ങനെയാണ് ഇത്തരത്തിൽ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കഴിയുകയെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം കൃത്യമായി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഡിജിറ്റൽ പണവിനിമയ സംവിധാനങ്ങളിലൂടെ ഇടപാടുകൾ നടത്തുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ വ്യാപകമായി മരവിപ്പിക്കപ്പെട്ടിരുന്നു. വിവിധ ജില്ലകളിലായി നിരവധി പേരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.