കൊച്ചി: ദലിത് യുവതിക്കെതിരായ ലൈംഗികാതിക്രമ കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യമാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. മുൻകൂർ ജാമ്യം നൽകിയത് ചോദ്യം ചെയ്ത് അതിജീവിതയും, വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറും നൽകിയ അപ്പീലുകൾ പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

രണ്ട് കേസുകളാണ് സിവികിനെതിരെയുള്ളത്. ഇതിൽ ഒരു കേസിൽ, സിവികിന്റെ പ്രായം പരിഗണിച്ച് അദ്ദേഹത്തിന് മുൻകൂർ ജാമ്യത്തിൽ തുടരാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെ, കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിൽ ഉണ്ടായിരുന്ന ചില പരാമർശങ്ങൾ ഹൈക്കോടതി നീക്കിയിരുന്നു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്നത് ഉൾപ്പെടെയുള്ള വിവാദ പരാമർശങ്ങൾ ആണ് നീക്കിയത്.

2020 ഫെബ്രുവരി 8നു നടന്ന ക്യാംപിനുശേഷം പരാതിക്കാരി കടൽത്തീരത്തു വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ കടന്നു പിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണു പരാതി. 2022 ജൂലൈ 29ന് അതിജീവിത നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽനിന്നുള്ള ഫോട്ടോകൾ പ്രതി ഹാജരാക്കിയതു പരിശോധിച്ച സെഷൻസ് കോടതി യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നു എന്നു പരാമർശിച്ചതു വിവാദമായിരുന്നു.