കൊച്ചി: 2008-ലെ കേരള വിവാഹ രജിസ്ട്രേഷൻ ചട്ടപ്രകാരം വിവാഹം രജിസ്റ്റർചെയ്യാൻ മതം നോക്കേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി. രാജ്യത്തെ തന്നെ സാമൂഹിക പരിഷ്‌കർത്താക്കളായ ശ്രീനാരായണഗുരുവും അയ്യങ്കാളിയും ജീവിച്ചിരുന്ന മണ്ണാണ് നമ്മുടേതെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.യുവതിയുടെ അമ്മ മുസ്ലിം ആയതിന്റെപേരിൽ ഹിന്ദു യുവാവുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട് ചോദ്യംചെയ്ത് പി.ആർ. ലാലൻ-ഐഷ ദമ്പതിമാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

എറണാകുളം ഉദയംപേരൂരിൽ താമസിക്കുന്ന പി.ആർ. ലാലൻ-ഐഷ ദമ്പതിമാരാണ് വിവാഹരജിസ്‌ട്രേഷന് മാര്യേജ് ഓഫീസറായ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. ഇവരുടെ വിവാഹം 2001 ഡിസംബർ രണ്ടിന് കടവന്ത്രയിലുള്ള ലയൺസ് ക്ലബ്ബ് ഹാളിൽ ഹിന്ദു ആചാരപ്രകാരമാണ് നടന്നത്. എന്നാൽ, യുവതിയുടെ അമ്മ മുസ്ലിം ആയതിനാൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമേ വിവാഹം രജിസ്റ്റർ ചെയ്യാനാകൂ എന്നതായിരുന്നു അപേക്ഷയിൻ മേലുള്ള അധികൃതരുടെ വിശദീകരണം.

സുപ്രീം കാടതിയുടെ ഉത്തരവിലാണ് 2008-ൽ വിവാഹ രജിസ്‌ട്രേഷൻ ചട്ടം വരുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശം ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതിനാൽ മാതാപിതാക്കൾ രണ്ടുമതത്തിൽ ഉൾപ്പെട്ടവരാണെന്നത് വിവാഹം രജിസ്റ്റർ ചെയ്യാതിരിക്കാൻ ഒരിക്കലും തടസ്സമാകുന്നില്ല. വിവാഹം നടന്നതാണോ എന്നതുമാത്രമേ കണക്കാക്കേണ്ടതുള്ളൂവെന്നും കോടതി വ്യക്തമാക്കി.

ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും ജാതിനേതാക്കളായി ചിത്രീകരിക്കാനുള്ള ശ്രമം ചില ജാതിക്കൂട്ടായ്മകളുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. അത് അനുവദിക്കരുത്. രാജ്യത്തിന്റെ പരിഷ്‌കർത്താക്കളാണവർ. മതങ്ങളിലെ സാമൂഹിക പരിഷ്‌കർത്താക്കളെ മതങ്ങളിലും ജാതിയിലും ഒതുക്കുകയല്ല വേണ്ടത്. അങ്ങനെ സംഭവിച്ചാൽ അവരെ നിന്ദിക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു.

'ജാതിഭേദം മതദ്വേഷം..' എന്നുതുടങ്ങുന്ന പ്രശസ്തമായ ഗുരുവചനവും ഉത്തരവിൽ കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്.ഉത്തരവിന്റെ പകർപ്പ് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് അയച്ചുകൊടുക്കാനും സർക്കുലർ പുറപ്പെടുവിക്കാനും കോടതി നിർദ്ദേശിച്ചു.ഹർജിക്കാരുടെ കാര്യത്തിൽ അപേക്ഷയും നിയമപ്രകാരമുള്ള പ്രസ്താവനയും പരിഗണിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹം രജിസ്റ്റർ ചെയ്തു നൽകാനുമാണ് കോടതിയുടെ നിർദ്ദേശം.