- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ് എൻ കോളേജ് കനകജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി; തുടരന്വേഷണ ഉത്തരവ് റദ്ദാക്കി; വെള്ളാപ്പള്ളി വീണ്ടും പ്രതിയായതോടെ എസ് എൻ ട്രസ്റ്റിലെ സ്ഥാനത്ത് തുടരുന്നതിലും നിയമപ്രശ്നം
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി. വെള്ളാപ്പള്ളി പ്രതിയായ എസ് എൻ കോളേജ് കനകജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെനനാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. കേസ് തുടരേണ്ടതില്ലെന്ന റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളി.തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വെള്ളാപ്പള്ളി വീണ്ടും പ്രതിയായതോടെ എസ് എൻ ട്രസ്റ്റിലെ സ്ഥാനം തുടരുന്നതിലും നിയമപ്രശ്നം ഉടലെടുത്തു. ഇത് വെള്ളപ്പള്ളിക്ക് വീണ്ടും പ്രഹരമാകും. പുതിയ നിയമാവലി പ്രകാരം കേസ് അന്വേഷണം നേരിടുന്നവർ സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നാണ് ഹൈക്കോടതി വിധി. 1998 എസ് എൻ കോളേജ് കനക ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്. 1 കോടി രൂപ പിരിച്ചെടുത്തതിൽ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ് എൻ ട്രസ്റ്റിലേക്ക് മാറ്റി.കമ്മിറ്റി ചെയർമാനായിരുന്നു വെള്ളാപ്പള്ളി.
ഇതിനെതിരെ അന്ന് കൊല്ലം എസ് എൻ ഡി പി വൈസ് പ്രസിഡന്റും ,ട്രസ്റ്റിന്റെ ബോർഡ് അംഗവുമായിരുന്ന സുരേന്ദ്ര ബാബു ആണ് കോടതിയെ സമീപിച്ചത്. 2020ൽ ക്രൈം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ പ്രതിയാക്കി കൊല്ലം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വീണ്ടും പുനരന്വേഷണത്തിന് ഇതേ കോടതി അനുമതി നൽകി.തുടർന്ന് വെള്ളാപ്പള്ളി പ്രതി അല്ലെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതിയുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
എസ്എൻ കോളേജിന്റെ ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ചെടുത്ത തുകയിൽ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്നതാണ് വെള്ളാപ്പള്ളിക്കെതിരായ കേസ്. പതിനാറു വർഷത്തിനുശേഷം, ഹൈക്കോടതി നിർദ്ദേശ പ്രകാരം ആണ് ക്രൈംബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 1997- 98 കാലഘട്ടത്തിൽ എസ്.എൻ കോളജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത ഒരു കോടിയിൽ അധികം രൂപയിൽനിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്നതാണ് കേസ്.
ആഘോഷകമ്മിറ്റിയുടെ കൺവീറനറായിരുന്നു വെള്ളാപ്പള്ളി നടേശൻ. ഫണ്ട് പിരിവ് പൂർത്തിയായി രണ്ട് വർഷത്തിന് ശേഷമാണ് പൊരുത്തക്കേടുകൾ എസ്എൻ ട്രസ്റ്റ് ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ ആരും പരസ്യമായി ചോദ്യംചെയ്തില്ല. തുടർന്ന് ട്രസ്റ്റ് അംഗമായ പി സുരേന്ദ്രബാബുവാണ് 2004 ൽ ഹർജിയുമായി കൊല്ലം സിജെഎം കോടതിയെ സമീപിക്കുന്നത്. കേസ് ആദ്യം അന്വേഷിച്ച ക്രൈം ഡിറ്റാച്ച്മെന്റ് സംഘം പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ട് കോടതിയിൽ നൽകി. എന്നാൽ പൊലീസ് റിപ്പോർട്ട് കോടതി പൂർണ്ണമായി തള്ളി.
തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. തെളിവുകൾ ഉണ്ടായിട്ടും അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചു. കേസിൽ തെളിവുകൾ എല്ലാം വെള്ളാപ്പള്ളിക്ക് എതിരായിരുന്നു. വകമാറ്റിയ പണം പലിശ സഹിതം തിരികെ അടയ്ക്കാമെന്ന്, നേരത്തെ വെള്ളാപ്പള്ളി തന്നെ നൽകിയ സത്യവാങ്മൂലം തിരിച്ചടിയാകുമെന്നും പരാതിക്കാരൻ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ