- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടക ഹൈക്കോടതി സഞ്ചരിച്ചത് തെറ്റായ വഴിയിൽ; ഞാൻ മുൻഗണന നൽകിയത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്; അപ്പീൽ അനുവദിക്കുകയാണെന്നും ജസ്റ്റിസ് സുധാംശു ധൂലിയ; ഞാൻ പരിഗണിച്ചത് 11 ചോദ്യങ്ങൾ; പതിനൊന്നിലും ഹിജാബ് നിരോധനം ശരിവച്ച നിഗമനത്തിൽ എത്തിയെന്ന് ജസ്റ്റിസ് ഗുപ്ത; ഭിന്നവിധിയിൽ ജഡ്ജിമാർ പറഞ്ഞത്
ന്യൂഡൽഹി: ഹിജാബ് കേസിൽ, ഭിന്നവിധി ഉണ്ടായതോടെ, കർണാടക ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലുകൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെ വയ്ക്കും. ചീഫ് ജസ്റ്റിസാണ് വിശാല ബഞ്ച് രൂപീകരിക്കുക. കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ശരിവച്ച ഹൈക്കോടതി വിധിയോട് ജസ്റ്റിസ് ഹേമന്ത് ഗുപ്ത യോജിച്ചു. അതുകൊണ്ട് തന്നെ അപ്പീലുകൾ അദ്ദേഹം തള്ളി.
എന്നാൽ, തനിക്ക് വ്യത്യസ്ത വീക്ഷണം ആണെന്നും താൻ അപ്പീൽ അനുവദിക്കുകയാണെന്നും ജസ്റ്റിസ് സുധാംശു ധൂലിയ പറഞ്ഞു. താൻ മുൻഗണന നൽകിയത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് എന്ന് അദ്ദേഹം പറഞ്ഞു. തന്റെ മനസ്ലിൽ ഉയർന്ന മുഖ്യ ചോദ്യം അതാണ്. തന്റെ സഹോദര ജഡ്ജിയുമായി അക്കാര്യത്തിൽ ആദരവോടെ വിയോജിക്കുന്നു എന്നും ജസ്റ്റിസ് സുധാംശു ധൂലിയ പറഞ്ഞു. കർണാടക ഹൈക്കോടതി ഇക്കാര്യത്തിൽ തെറ്റായ വഴിയിലാണ് സഞ്ചരിച്ചതന്ന് ജസ്റ്റിസ് ധുലിയ വിധിന്യായം വായിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. പെൺകുട്ടികളുടെ ജീവിതം മെച്ചപ്പെട്ടതാക്കുകയാണോ ചെയ്യുന്നത്? അതാണ് ചോദ്യം. ഹിജാബ് വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഞാൻ റദ്ദാക്കുന്നു. ഇക്കാര്യത്തിൽ ഒരു നിയന്ത്രണവും പാടില്ലെന്ന് ജസ്റ്റിസ് ധുലിയ പറഞ്ഞു.
ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന ഹൈക്കോടതി വിലയിരുത്തലിനെ ശരിവയ്ക്കുന്നതായി, അപ്പീൽ തള്ളിക്കൊണ്ടുള്ള വിധിന്യായത്തിൽ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത പറഞ്ഞു. പതിനൊന്നു ചോദ്യങ്ങളാണ് പ്രധാനമായും താൻ പരിഗണിച്ചതെന്ന് ജസ്റ്റിസ് ഗുപ്ത വ്യക്തമാക്കി. പതിനൊന്നിലും നിരോധനം ശരി വയ്ക്കുന്ന നിഗമനങ്ങളിലാണ് എത്താനായതെന്ന് ജസ്റ്റിസ് ഗുപ്ത അറിയിച്ചു.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് പത്തുദിവസം വാദംകേട്ട കേസ് പരിഗണിച്ചത്. കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചത് ശരിവെച്ച ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ജസ്റ്റിസ് സുധാംശു ധൂലിയ കർണാടക ഹൈക്കോടതി വിധി റദ്ദാക്കിയപ്പോൾ ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിക്കെതിരായ ഹർജികൾ തള്ളിക്കൊണ്ടാണ് വിധി പ്രസ്താവിച്ചത്.
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് നിരോധനം അനുവദിക്കുന്നുവെന്നും ഹിജാബ് ധരിക്കൽ ഇസ്ലാമിൽ നിർബന്ധമായ കാര്യമുള്ള കാര്യമല്ലെന്നും ജസ്റ്റിസ് ഗുപ്ത വ്യക്തമാക്കി. ഇതിനോട് വിയോജിച്ചുകൊണ്ട് കർണാടക ഹൈക്കോടതി തെറ്റായ പാതയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ജസ്റ്റിസ് ധൂലിയ വ്യക്തമാക്കി. കർണാടക ഹൈക്കോടതിയുടെ വിധി റദ്ദാക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹിജാബ് ധരിക്കുന്നത് ഇസ്ലാംമതത്തിലെ അനിവാര്യമായ ആചാരമാണോ എന്ന വിഷയമാണ് സുപ്രീംകോടതി പരിശോധിച്ചത്. മതപരമായി മാത്രമല്ല, സാംസ്‌കാരികമായ ആചാരമാണെങ്കിൽപ്പോലും ഹിജാബ് വിലക്കാനാവില്ലെന്നാണ് ഹർജിക്കാർ വാദിച്ചത്. അതേസമയം, 2021 വരെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആരും ഹിജാബ് ധരിച്ചിരുന്നില്ലെന്നും അതിനുശേഷം പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടലിനെത്തുടർന്നാണ് അതുണ്ടായതെന്നും സോളിസിറ്റർ ജനറൽ തുഷാർമേത്ത വാദിച്ചിട്ടുണ്ട്.
ഇതിനൊപ്പം ഹിജാബ് ധരിക്കാനുള്ള അവകാശം സാംസ്‌കാരികമായ അവകാശം കൂടിയാണെന്നും വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്നുമാണ് മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ വാദിച്ചത്. ഹിജാബ് ധരിക്കുന്നത് മതപരമായ അനിവാര്യതയാണോ എന്നതിലുപരി അത്തരം ആചാരം ശരിയായ രീതിയിൽ നിലവിലുണ്ടോ എന്നതുമാത്രമേ പരിശോധിക്കേണ്ടതുള്ളൂവെന്ന് അഡ്വ. പ്രശാന്ത് ഭൂഷണും ചൂണ്ടിക്കാട്ടിയിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്ന് കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. യൂണിഫോമിനെ വിദ്യാർത്ഥികൾക്ക് എതിർക്കാനാവില്ലെന്നും കോടതി പറഞ്ഞു. ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി.യു. കോളേജ് വിദ്യാർത്ഥിനികൾ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തു വന്നത്. ഇതാണ് സുപ്രീംകോടതിയിൽ എത്തുന്നത്.
2022 ജനുവരിയിലാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം രൂക്ഷമായത്. ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് ഹിജാബ് വിവാദം തുടങ്ങിയത്. ഹിജാബ് ധരിക്കാൻ നിർബന്ധംപിടിച്ച ആറു വിദ്യാർത്ഥിനികളെ ക്ലാസിൽനിന്നും പുറത്താക്കിയതോടെയായിരുന്നു ഇത്. തുടർന്ന് ഈ വിദ്യാർത്ഥിനികൾ സമരരംഗത്തെത്തി. പ്രതിഷേധം ശക്തിയാർജിക്കുന്നതിനിടെ കോളേജുകളിൽ യൂണിഫോം കോഡ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ഇതോടെയാണ് പ്രതിഷേധം കൂടുതൽ കോളേജുകളിലേക്ക് പടർന്നത്. ഇതിനിടെ കാവിഷാൾ ധരിച്ച് മറ്റൊരുവിഭാഗം വിദ്യാർത്ഥികളും എത്തിയതോടെ പല കാമ്പസുകളും സംഘർഷത്തിന് വഴിമാറുകയായിരുന്നു.
ഉഡുപ്പി കോളേജിൽ സമരരംഗത്തിറങ്ങിയ ആറുപേരുൾപ്പെടെ ഏഴ് വിദ്യാർത്ഥിനികളാണ് ഹിജാബ് വിലക്കിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് മറ്റു ചിലരും ഹർജികൾ നൽകി. വിലക്കിനെതിരേ വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ രണ്ടുദിവസം വാദം കേട്ട ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിന്റെ സിംഗിൾ ബെഞ്ച് ഹർജി വിശാലബെഞ്ചിലേക്ക് നിർദ്ദേശിക്കുകയായിരുന്നു. ഫെബ്രുവരി പത്തിനാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ഖാസി ജൈബുന്നീസ മൊഹിയുദ്ദീൻ എന്നിവരടങ്ങിയ വിശാലബെഞ്ച് ഹൈക്കോടതിയിൽ വാദം കേട്ടതും വിധി പറഞ്ഞതും.
ഹർജികളിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെ യൂണിഫോം നിർബന്ധമാക്കിയ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ വിലക്കിയും ഹൈക്കോടതിയുടെ വിശാലബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.