കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം.ഷാജിക്ക് താൽക്കാലിക ആശ്വാസം. കെ എം ഷാജിക്ക് എതിരായ വിജിലൻസ് കേസ് ഹൈക്കോടതി മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.ഷാജി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ഉത്തരവ്.

തനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്നായിരുന്നു കെ.എം.ഷാജിയുടെ വാദം. ഹർജി മൂന്നുമാസത്തിനുശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രാദേശിക സിപിഎം നേതാവിന്റെ പരാതിയിൽ വിജിലൻസ് കോടതി നിർദ്ദേശപ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഷാജിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഷാജിയുടെ വസതിയിലും മറ്റും പരിശോധന നടത്തിയിരുന്നു.

അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉൾപ്പെടെ നിർമ്മിച്ചു എന്നായിരുന്നു പരാതി. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് മൂന്ന് മാസത്തേക്ക് സ്റ്റേ അനുവദിച്ചത്. നേരത്തേ പ്ലസ്ടു കോഴക്കേസിലും ഷാജിക്കെതിരായ കേസ് റദ്ദാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് നിലവിൽ കോഴിക്കോട് വിജിലൻസ് കോടതിയിൽ നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള നിയമനടപടികളും അവസാനിപ്പിക്കണമെന്നും ഷാജി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.