തിരുവനന്തപുരം: കോഴിക്കോട് എൻ ഐ റ്റി വിദ്യാർത്ഥിനി തിരുവനന്തപുരം സ്വദേശിനി ഇന്ദുവിനെ അതേ കോളേജ് പ്രൊഫസർ ബാലരാമപുരം സ്വദേശി സുബാഷ് ആലുവപ്പുഴ പാലത്തിൽ വച്ച് ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ഇന്ദു കൊലക്കേസിൽ പ്രതി സുബാഷ്. കെ. ഡിസംബർ 19 ന് ഹാജരാകാൻ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. വിചാരണക്കുണ്ടായിരുന്ന വിലക്ക് (സ്റ്റേ) ഹൈക്കോടതി നീക്കം (വെക്കേറ്റ് ) ചെയ്തതിനെ തുടർന്നാണ് പ്രതി ഹാജരാകാൻ വിചാരണ കോടതി ഉത്തരവിട്ടത്. നായർ കുടുംബാംഗമായ ഇന്ദു അവർണ്ണ കുടുംബാംഗമായ സുബാഷുമായി കോഴിക്കോട് കോളേജിന് സമീപം ഒരുമിച്ച് താമസിച്ചിരുന്നെങ്കിലും വിവാഹത്തിന് സമ്മതിക്കാതെ മറ്റൊരു വിവാഹം ഉറപ്പിച്ചതിൽ നിന്ന് പിന്മാറാത്തതാണ് കൊലക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്. 2012 ഡിസംബർ 30 നാണ് പ്രൊഫസർ അറസ്റ്റിലായത്.

2010 ഏപ്രിൽ 24 നാണ് സംസ്ഥാനത്തെ നടുക്കിയ വിദ്യാർത്ഥിനിയുടെ തിരോധാനം നടന്നത്. നാലാം നാളാണ് മൃത ശശീരം ലഭിച്ചത്. കോഴിക്കോട് എൻഐടിയിലെ ഗവേഷണ വിദ്യാർത്ഥിനിയായ ഇന്ദുവും എൻഐടിയിലെ അസിസ്റ്റന്റ് പ്രഫസറായ സുഭാഷും തമ്മിലുള്ള പ്രണയമാണ് ഒടുവിൽ കൊലപാതകത്തിലെത്തിയത്. 2008 - 2010 കാലയളവിലെ രണ്ടു വർഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. തന്നെ തഴഞ്ഞ് ഇന്ദു മറ്റൊരാളെ വിവാഹം ചെയ്യാൻ ഒരുങ്ങിയതാണ് സുഭാഷിനെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് ഒന്നരവർഷത്തെ അന്വേഷണത്തിന് ശേഷം 2012ൽ അന്വേഷണസംഘം കണ്ടെത്തിയത്.

പൊലീസ് കുറ്റപത്രം ഇപ്രകാരമാണ്:

2010 മുതൽ സുഭാഷ് ഇന്ദുവിനോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. ഇന്ദുവുമായുള്ള ഫോൺ സംഭാഷണങ്ങളും വീഡിയോകളും സുഭാഷ് മൊബൈൽ ഫോണിലും ലാപ്ടോപ്പിലും റിക്കോർഡ് ചെയ്തിരുന്നു. ഇത് മുൻനിർത്തി സുഭാഷ് ഇന്ദുവിനെ ഭീഷണിപ്പെടുത്തിയിരുന്നതിനും തെളിവുകളുണ്ട്. എൻഐടി കാമ്പസിന് അര കിലോമീറ്റർ ദൂരെയുള്ള ഇരുനിലക്കെട്ടിടത്തിൽ ഒരുമിച്ചായിരുന്നു ഒരു വർഷത്തോളം ഇവരുടെ താമസം. അയൽവാസികൾക്കെല്ലാം ഇവരുടെ ബന്ധത്തെക്കുറിച്ചറിയാമായിരുന്നു. ഈ വീട്ടിൽനിന്ന് അന്വേഷണ സംഘം ഇന്ദുവിന്റെ വസ്ത്രങ്ങൾ കണ്ടെടുക്കുകയും ചെയ്തു.

ഇതിനിടെ കൊട്ടാരക്കര സ്വദേശി അഭിഷേകുമായി വീട്ടുകാർ ഇന്ദുവിന്റെ വിവാഹം നിശ്ചയിച്ചു. 2010 ഡിസംബർ ഒന്നിനായിരുന്നു വിവാഹ നിശ്ചയം. സുഭാഷുമായി പ്രണയത്തിലായിരുന്നെങ്കിലും ഇന്ദു വിവാഹത്തിന് സമ്മതം മൂളി. 2012 മെയ് 16ാം തീയതി തിരുവനന്തപുരത്തുവെച്ച് വിവാഹം നടത്താൻ വീട്ടുകാർ ഒരുക്കങ്ങൾ തുടങ്ങി. എന്നാൽ ഇന്ദുവിനെ വിവാഹത്തിന് നിർബന്ധിക്കാൻ തന്നെ സുഭാഷ് തീരുമാനിച്ചു.

ഇന്ദുവിന്റെ മനസ്സുമാറ്റി കോഴിക്കോട്ടുവെച്ച് രജിസ്റ്റർ വിവാഹം നടത്തി സിക്കിമിലേക്ക് പോകാനായി സുഭാഷ് പദ്ധതിയും തയ്യാറാക്കി. തീവണ്ടി ടിക്കറ്റ് ഒരുമാസം മുമ്പുതന്നെ സുഭാഷ് ബുക്ക് ചെയ്തു. സൈഡ് ബർത്തുകൾ ചോദിച്ചുവാങ്ങി. 25 ന് കോഴിക്കോട്ടുവെച്ച് രജിസ്റ്റർ വിവാഹം നടത്തി അന്ന് വൈകീട്ട് ഡൽഹിയിലെത്തി അവിടെ നിന്ന് സിക്കിമിലേക്ക് പോകാനായിരുന്നു സുഭാഷിന്റെ പദ്ധതി. തിരുവനന്തപുരത്തുള്ള ഒരു ട്രാവൽ ഏജന്റ് വഴി ഡൽഹിയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിനും തെളിവ് കിട്ടി.

കോഴിക്കോട്ട് പോകാൻ തീരുമാനിച്ച 2010 ഏപ്രിൽ 24ന് രാവിലെ ഇന്ദുവും മാതാപിതാക്കളും സുഭാഷിന്റെ വീട്ടിലെത്തുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു. ഇത് സുഭാഷിനെ നടുക്കി. പ്രണയം പകയായി മാറി. അന്നേ ദിവസം വൈകിട്ട് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മംഗലാപുരം എക്സ്പ്രസിൽ ബി. വൺ കംപാർട്ട്മെന്റിലായിരുന്നു യാത്ര ചെയ്തത്. കർട്ടൻ താഴ്‌ത്തിയിട്ട് ഇരുവരും ഇതേക്കുറിച്ച് സംസാരിച്ചു. വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് സുഭാഷ് ആവശ്യപ്പെട്ടെങ്കിലും ഇന്ദു അതിന് വഴങ്ങിയില്ല. സംസാരം മറ്റുള്ളവർ കേൾക്കുമെന്ന് ധരിപ്പിച്ച് ഇന്ദുവിനെ കംപാർട്ട്മെന്റിന്റെ വാതിലനടുത്തേക്ക് കൂട്ടിക്കൊണ്ടുവരികയും വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തു.

വിവാഹത്തിൽ നിന്ന് പിന്മാറില്ലെന്ന് ഇന്ദു ഉറപ്പിച്ച പറഞ്ഞതോടെ സുഭാഷ് പ്രകോപിതനാവുകയും ഇന്ദുവിനെ നെഞ്ചുഭാഗത്ത് തള്ളി താഴെയിടുകയും ചെയ്തു. ആലുവ പുഴയ്ക്ക് മുകളിലൂടെ തീവണ്ടി കടന്നുപോകുമ്പോഴായിരുന്നു ഇന്ദു പുറത്തേക്ക് വീണത്. റെയിൽപാലത്തിന്റെ തൂണിൽ തലയിടിച്ച് ഇന്ദു പുഴയിൽ വീണു. നാലുദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ദുവിനെ കാണാനില്ലെന്ന് ആദ്യം പരാതി നൽകിയത് സുഭാഷ് തന്നെയായിരുന്നു. താൻ ഉറങ്ങാൻ കിടന്നപ്പോൾ ഇന്ദു ട്രെയിനിന്റെ വാതിലിന്റെ അടുത്തേക്കു പോയിരുന്നെന്നും സുഭാഷ് പൊലീസിനോടു പറഞ്ഞിരുന്നു. ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് ഇന്ദുവിനെ കാണാതായതെന്നും ഇയാൾ മൊഴി നല്കിയിരുന്നു. താൻ താഴ്ന്ന ജാതിയിൽപ്പെട്ടതിനാലാണു വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാതിരുന്നതെന്നാണ് സുഭാഷ് അന്വേഷണസംഘത്തിന് മൊഴി നൽകിയിരിക്കുന്നത്.