- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹന ഉടമയ്ക്ക് ലൈസൻസില്ലെന്ന കാരണത്താൽ ഇൻഷുറൻസ് തുക നിഷേധിച്ച് കമ്പനി; പ്രീമിയം സ്വീകരിച്ചശേഷം ഇൻഷുറൻസ് നിഷേധിക്കുന്നത് അനുചിതം; പരാതിക്കാരിക്ക് തുക നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ നിർണായക വിധി
മലപ്പുറം: ഇൻഷുറൻസ് പ്രീമിയം സ്വീകരിച്ചശേഷം ലൈസൻസില്ലെന്ന കാരണത്താൽ വാഹന ഉടമയ്ക്ക് ഇൻഷുറൻസ് തുക നിഷേധിച്ച സംഭവത്തിൽ നിർണായക വിധിയുമായി ജില്ലാ ഉപഭോക്തൃ കമ്മിഷൻ. നിലമ്പൂർ അമരമ്പലം സ്വദേശി ഏലിയാമ്മ ഫ്യൂച്ചർ ജനറലി ഇൻഷുറൻസ് കമ്പനിക്കെതിരേ സമർപ്പിച്ച ഹർജിയിലാണ് കമ്മീഷന്റെ ഇടപെടൽ. പ്രീമിയം സ്വീകരിച്ച ശേഷം ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ലെന്ന് കമ്മീഷൻ വിധിയിൽ വ്യക്തമാക്കി.
ഒരു വാഹനത്തിന്റെ ഉടമയാകാൻ ഡ്രൈവിങ് ലൈസൻസ് നിർബന്ധമില്ല എന്നിരിക്കെ വാഹന ഉടമയുടെ ഇൻഷുറൻസ് പരിരക്ഷയ്ക്ക് ലൈസൻസ് വേണമെന്ന നിബന്ധനക്ക് അടിസ്ഥാനമില്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറയുന്നു.
ഏലിയാമ്മയുടെ ഭർത്താവ് കുര്യൻ 2015 ഡിസംബറിൽ ചോക്കാട് കല്ലാമൂലയിൽവെച്ചുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനമോടിച്ചത് ചെറുമകനായിരുന്നു. വാഹന ഉടമയ്ക്ക് പരിരക്ഷ നൽകുന്ന ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടെങ്കിലും ഇൻഷുറൻസ് തുക നൽകാൻ കമ്പനി തയ്യാറായില്ല. വാഹന ഉടമയ്ക്ക് ലൈസൻസില്ലെന്ന കാരണത്താൽ കമ്പനി തുക നിഷേധിച്ചു.
തുടർന്നാണ് ഭാര്യ ഏലിയാമ്മ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. വാഹന ഉടമയുടെയും കുടുംബത്തിന്റെയും പരിരക്ഷയാണ് ഓണർ കം ഡ്രൈവർ പോളിസിയുടെ ഉദ്ദേശ്യമെന്നിരിക്കെ പ്രീമിയം സ്വീകരിച്ചശേഷം ഇൻഷുറൻസ് നിഷേധിക്കുന്നത് അനുചിതമായ നടപടിയാണെന്നും പരാതിക്കാരിക്ക് തുക നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു.
പരാതിക്കാരിക്ക് രണ്ട് ലക്ഷം രൂപ ഹർജി തീയതി മുതൽ ഒമ്പത് ശതമാനം പലിശയോടെ നൽകണമെന്നും സേവനത്തിൽ വീഴ്ച വരുത്തിയതിന് 25,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ