കൊച്ചി: വിഴിഞ്ഞം തുറമുഖ സമരത്തിനിടെ, പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതെ നോക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. പൊലീസ് ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. തുറമുഖ നിർമ്മാണത്തിനെതിരെയായി സമരം തടയുന്നതിന് പൊലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡും, നിർമ്മാണ കരാർ കമ്പനി ഹോവെ എൻജിനീയറിങ് പ്രൊജക്ട്‌സും സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി നിർദ്ദേശം നൽകി. 11 ദിവസമായി തുടരുന്ന സമരം തുറമുഖ നിർമ്മാണത്തിന് തടസമായിട്ടുണ്ടെന്ന് അദാനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ദേശീയ പ്രധാന്യമുള്ള പദ്ധതി എഴ് ദിവസമായി മുടങ്ങി കിടക്കുകയാണ് സമയ ബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

വിഴിഞ്ഞത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് നോട്ടീസ് അയക്കേണ്ടതില്ലെന്നും അഭിഭാഷകൻ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനു സംസ്ഥാനവും കേന്ദ്രവും ശ്രമം നടത്തുന്നുണ്ട്. ക്രമസമാധാന പ്രശ്‌നം ഉണ്ടെങ്കിൽ സംസ്ഥാനം സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.

പ്രശ്‌ന പരിഹാരത്തിനായി വിഴിഞ്ഞം സമരക്കാർ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. തുറമുഖ നിർമ്മാണം നിർത്താനാവില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. നിർമ്മാണം നിർത്തിവെച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നും മറ്റ് സാങ്കേതിക വിദ്യകൾ ഉണ്ടോയെന്ന് പരിശോധിക്കണ മെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. ഈ ആവശ്യമാണ് മുഖ്യമന്ത്രി അംഗീകരിക്കാതിരുന്നത്.