- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിവിക് ചന്ദ്രൻ കേസ്: സ്ഥലംമാറ്റ ഉത്തരവിന് എതിരായ ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ ഹർജിയിൽ വിധി നാളെ; ലേബർ കോടതിയിലേക്കുള്ള സ്ഥലംമാറ്റം ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി പറയുക ജസ്റ്റിസ് അനു ശിവരാമൻ
കൊച്ചി: സ്ഥലംമാറ്റ ഉത്തരവിനെതിരെ കോഴിക്കോട് മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ്.കൃഷ്ണകുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ലേബർ കോടതിയിലേക്കുള്ള സ്ഥലം മാറ്റം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് വിധി പറയുന്നത്. ജസ്റ്റിസ് അനു ശിവരാമനാണ് വിധി പറയുക. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ആയ തന്നെ കൊല്ലം ലേബർ കോടതിയിലെ ഡെപ്യൂട്ടേഷൻ പോസ്റ്റിലേക്ക് മാറ്റിയത് ചട്ട വിരുദ്ധമാണെന്നായിരുന്നു ജഡ്ജ് എസ്.കൃഷ്ണകുമാറിന്റെ വാദം. മൂന്ന് വർഷത്തിനിടെ ഒരാളെ കാരണമില്ലാതെ സ്ഥലം മാറ്റരുതെന്ന നിയമം ലംഘിക്കപ്പെട്ടു. തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു. അടുത്ത മെയ് 31 ന് വിരമിക്കാനിരിക്കുന്ന തനിക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കാൻ അർഹതയുണ്ടെന്നും എസ്.കൃഷ്ണകുമാർ വാദിച്ചിരുന്നു.
ഹർജി പരിഗണിക്കവേ, സ്ഥലംമാറ്റ ഉത്തരവിൽ അപാകതയില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിരീക്ഷിച്ചിരുന്നു. ലേബർ കോടതി ജഡ്ജി ഡെപ്യൂട്ടേഷൻ തസ്തികയല്ല. ആ നിലയ്ക്ക് മുൻകൂട്ടി അനുവാദം വാങ്ങേണ്ടതില്ലെന്നും ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കിയിരുന്നു. ജഡ്ജ് എസ്.കൃഷ്ണകുമാറിന്റെ വാദങ്ങൾ തള്ളിയായിരുന്നു ഈ നിരീക്ഷണം. സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡന കേസിലെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശത്തിന് പിന്നാലെയായിരുന്നു എസ്.കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്ക് മാറ്റിയത്.
സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു കോടതിയുടെ പരാർമർശം. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ് നിലനിൽക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയ ഫോട്ടോയിൽ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിച്ചിരുന്നു.
ലൈംഗിക പീഡന പരാതിയിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജിയുടെ നടപടിയെ ഹൈക്കോടതി വിമർശിച്ചു. അപ്രസക്തമായ കാരണങ്ങൾ പരിശോധിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി അധികാര പരിധി ഉപയോഗിച്ചതിൽ അപാകത ഉണ്ട്. മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമർശങ്ങളും കോടതി സ്റ്റേ ചെയ്തു.