വാരാണസി: ഗ്യാൻവാപി മസ്ജിദിൽ അരാധനാവകാശം തേടിയുള്ള ഹർജികൾ നിലനിൽക്കുമെന്ന് വാരണാസി ജില്ലാ കോടതി. ഹർജിയിൽ വാദം കേൾക്കാവുന്നതാണെന്ന് കോടതി വിധിച്ചു. അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജിയെ എതിർത്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. നിത്യാരാധന വേണമെന്ന ആവശ്യത്തിൽ തുടർവാദം നടക്കുമെന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബർ 22ന് ഹിന്ദു സ്ത്രീകളുടെ ഹർജിയിൽ വാദം തുടരുമെന്ന് കോടതി അറിയിച്ചു.

ഗ്യാൻവാപി പള്ളി വളപ്പിൽ ഉണ്ടെന്നു കരുതുന്ന ഹിന്ദു വിഗ്രങ്ങളിൽ ആരാധനയ്ക്ക് അനുമതി തേടിയുള്ള ഹർജിക്കെതിരെ മസ്ജിദ് കമ്മിറ്റിയാണ് കോടതിയെ സമീപിച്ചത്. ഗ്യാൻവാപി പള്ളി വഖഫ് സ്വത്ത് ആണെന്നും അതുകൊണ്ടുതന്നെ ആരാധനയ്ക്ക് അനുമതി തേടിയുള്ള ഹർജി നിലനിൽക്കില്ലെന്നുമാണ് മസ്ജിദ് കമ്മിറ്റി വാദിച്ചത്. ഹർജിയിൽ വാദം കേട്ട ജില്ലാ ജഡ്ജി എകെ വിശ്വേശ് കഴിഞ്ഞ 12ന് വിധി പറയാൻ മാറ്റുകയായിരുന്നു.

ക്ഷേത്രം തകർത്താണ് ഗ്യാൻവാപി പള്ളി തകർത്തതെന്നാണ് ഒരു വിഭാഗം ഹിന്ദുക്കളുടെ വാദം. ഇതുമായി ബന്ധപ്പെട്ട കേസിൽ പള്ളി വളപ്പിൽ വിഡിയോ സർവേ നടത്താൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഈ സർവേയ്ക്കിടെ കുളത്തിൽ വിഗ്രഹം കണ്ടെത്തിയതായി വാർത്തകൾ വന്നു. പള്ളിക്കുള്ളിൽ നിത്യാരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു സ്ത്രീകൾ കോടതിയെ സമീപിച്ചത്. സിവിൽ കോടതിയിൽ എത്തിയ ഹർജി സുപ്രീം കോടതി ഇടപെട്ടാണ് വാരണാസി ജില്ലാകോടതിയിലേക്ക് വിട്ടത്. കേസിന്റെ സങ്കീർണതയും വൈകാരികതയും പരിഗണിച്ച് മുതിർന്ന ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.

ഗ്യാൻവാപി മസ്ജിദ് ക്ഷേത്രത്തിന്റെ സ്ഥലത്താണെന്നും പള്ളിക്കുള്ളിൽ ദേവതകളുടെ വിഗ്രഹങ്ങൾ ഉണ്ടെന്നുമുള്ള വാദങ്ങളാണ് ഹർജി നല്കിയവർ മുന്നോട്ടു വയ്ക്കുന്നത്. നിസ്‌ക്കാരത്തിനു മുൻപ് വിശ്വാസികൾ ദേഹശുദ്ധി വരുത്തുന്ന കുളത്തിൽ ശിവലിംഗം ഉണ്ടെന്ന വാദവും ഉയർന്നു. ഹർജി ആദ്യം പരിഗണിച്ച സിവിൽ കോടതി വസ്തുതകൾ പഠിക്കാൻ അഡ്വക്കേറ്റ് കമ്മീഷണർമാരെ നിയോഗിച്ചിരുന്നു. എന്നാൽ 1991 ആരാധനാലയ സംരക്ഷണ നിയമപ്രകാരം ഹജികൾ നിലനില്ക്കുമോ എന്ന വിഷയം ജില്ല കോടതി ആദ്യം പരിഗണിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്.

ഹർജി നിലനിൽക്കുന്നതാണെന്ന് വാരണാസി കോടതി വിധിച്ചതോടെ അയോധ്യ കേസിന് സമാനമായി ദീർഘനാൾ നീളുന്ന നിയമപോരാട്ടത്തിന് അത് വഴിവെക്കും. കനത്ത സുരക്ഷയാണ് വിധി പറയുന്ന സാഹര്യത്തിൽ പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്. കേന്ദ്ര അർദ്ധസൈനിക വിഭാഗത്തെയും പൊലീസി്‌നെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാനും പൊലീസിന് നിർദ്ദേശമുണ്ട്.

പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നാണ് ഗ്യാൻവാപി മസ്ജിദ്. മുഗൾ ഭരണാധികാരി ഔറംഗസേബ് ആണ് പള്ളി നിർമ്മിച്ചത്. ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്തുകൊണ്ടാണ് പതിനാറാം നൂറ്റാണ്ടിൽ ഔറംഗസേബ് ഗ്യാൻവാപി മസ്ജിദ് നിർമ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി 1991ൽ വാരണാസി കോടതിയിൽ ഒരു ഹർജി സമർപ്പിച്ചിരുന്നു. ഹർജിക്കാരും സ്ഥലത്തെ പൂജാരിയും ഗ്യാൻവാപി പള്ളിക്കുള്ളിൽ ആരാധനയ്ക്ക് അനുമതി ചോദിച്ചിരുന്നു.

അയോദ്ധ്യ വിധിക്ക് പിന്നാലെ വിജയ് ശങ്കർ റസ്‌തൊഗി എന്ന അഭിഭാഷകൻ ഗ്യാൻവാപി പള്ളിയുടെ നിർമ്മാണത്തിൽ പ്രശ്‌നമുണ്ടെന്ന് കാട്ടി ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ സർവെ പള്ളിയിൽ വേണമെന്ന് കാണിച്ച് ഹർജിയും നൽകി.

പള്ളിയുടെ പുറംമതിലിൽ വിഗ്രഹങ്ങളുണ്ടെന്നും അവിടെ പ്രാർത്ഥന നടത്താൻ അനുമതി വേണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിൽ നിന്നുള്ള അഞ്ച് സ്ത്രീകളാണ് വാരണാസി കോടതിയെ സമീപിച്ചത്.