- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസാദ് കശ്മീർ പരാമർശത്തിൽ കെ ടി ജലീലിന് തിരിച്ചടി; കേസടുക്കാൻ ഡൽഹി റോസ് അവന്യു കോടതി നിർദ്ദേശം; പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് കോടതി; ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ
ന്യൂഡൽഹി: ആസാദ് കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. ഡൽഹി റോസ് അവന്യൂ കോടതിയാണ് നിർദ്ദേശം നൽകിയത്. പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചത്. പരാതിയിൽ സ്വീകരിച്ച നടപടികൾ പൊലീസ് കോടതിയിൽ റിപ്പോർട്ടായി നൽകിയിരുന്നു.
സമാന പരാതിയിൽ കേരളത്തിൽ കേസെടുത്തിട്ടുണ്ടെന്നും കോടതി നിർദേശിച്ചാൽ പുതിയ കേസെടുക്കാമെന്നുമായിരുന്നു തിലക് മാർഗ് പൊലീസ് കോടതിയിലെടുത്ത നിലപാട്. കേസ് പരിഗണിക്കവേ, എന്തിനാണ് ഒരേ പരാതിയിൽ വ്യത്യസ്ത സംസ്ഥാനങ്ങളിൽ കേസെടുക്കുന്നത് എന്ന് വ്യക്തമാക്കാൻ കോടതി പരാതിക്കാരനോട് നിർദേശിച്ചിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് റോസ് അവന്യൂ കോടതി, തിലക് മാർഗ് പൊലീസിന് നിർദ്ദേശം നൽകിയത്. അതേസമയം ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ വ്യക്തമാക്കി.
ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നതായിരുന്നു പരാതിക്കാരന്റെ ഹർജിയിലെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഡൽഹി പൊലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് ജി.എസ്.മണി കോടതിയെ സമീപിച്ചത്. കേസെടുക്കാൻ ഡൽഹി പൊലീസിന് നിർദ്ദേശം നൽകണമെന്നതായിരുന്നു ആവശ്യം. കേരളത്തിലെ നിയമനടപടികളിൽ വിശ്വാസമില്ലെന്നും ഹർജിയിൽ ഇദ്ദേഹം വിശദീകരിച്ചിരുന്നു. കശ്മീർ സന്ദർശിച്ച ശേഷം ജലീൽ ഇട്ട ഫേസ്‌ബുക്ക് കുറിപ്പിലെ 'ഇന്ത്യ അധീന കശ്മീർ', 'ആസാദ് കാശ്മീർ' തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്.
വിവാദ ഫേസ്‌ബുക്ക് പോസ്റ്റിൽ ജലീലിനെതിരെ നേരത്തെ പത്തനംതിട്ട കീഴ്‌വായ്‌പ്പൂർ പൊലീസ് കേസെടുത്തിരുന്നു. കലാപ ആഹ്വാന ഉദ്ദേശത്തോടെയാണ് ജലീൽ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ്‌ഐആർ. ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നിവയാണ് വകുപ്പുകൾ. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചെന്നാണ് എഫ്‌ഐആർ.
ആർഎസ്എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുൺ മോഹനാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസെടുത്തെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും ജലീലിന്റെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള തുടർ നടപടികളിലേക്ക് പൊലീസ് കടക്കുക.
'ആസാദ് കശ്മീർ' പരാമർശം വിവാദമായതോടെ, കെടി ജലീൽ അത് പിൻവലിച്ചിരുന്നു. കശ്മീർ സന്ദർശനത്തെക്കുറിച്ച് ഫേസ്‌ബുക്കിലെഴുതിയ കുറിപ്പാണ് വിവാദമായത്. ഇതിന് പിന്നാലെയാണ് കുറിപ്പിലെ വിവാദ പരാമർശങ്ങൾ പിൻവലിക്കുന്നതായി കെ ടി ജലീൽ അറിയിച്ചത്. കുറിപ്പിലെ പരാമർശങ്ങൾ തെറ്റിദ്ധാരണകൾക്ക് ഇടവരുത്തിയത് ശ്രദ്ധയിൽപ്പെട്ടെന്നും ദുർവ്യാഖ്യാനം ചെയ്ത കുറിപ്പിലെ വരികൾ പിൻവിക്കുന്നുവെന്നുമായിരുന്നു ജലീലിന്റെ പ്രതികരണം.
പാക്കിസ്ഥാൻ അധീനതയിലുള്ള കശ്മീരിനെ 'ആസാദ് കാശ്മീരെ'ന്നും ജമ്മുവും കശ്മീർ താഴ്‌വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ 'ഇന്ത്യൻ അധീന കശ്മീരെന്നും' കെ ടി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നത്.ഇന്ത്യൻ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും കുറിപ്പിലുണ്ട്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്.
മറുനാടന് മലയാളി ബ്യൂറോ