- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരെങ്കിലും പറയുന്നത് കേട്ട് വാർത്ത നൽകരുത്; ആസാദ് കശ്മീർ പരാമർശത്തിൽ കെ ടി ജലീലിന് എതിരെ കേസെടുക്കാൻ ചൊവ്വാഴ്ച ഉത്തരവിട്ടില്ലെന്ന് ഡൽഹി കോടതി; തെറ്റായ വാർത്തയിൽ മലയാള മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കണം; കേസെടുത്തെന്ന് പ്രചരിപ്പിച്ചത് പരാതിക്കാരൻ
ഡൽഹി: 'ആസാദ് കശ്മീർ' പരാമർശത്തിൽ കെടി ജലീൽ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ ഇന്നലെ കോടതി ഉത്തരവിട്ടില്ലെന്ന് വ്യക്തമായി. ഡൽഹി റോസ് അവന്യൂ കോടതി കേസെടുക്കാൻ ഉത്തരവിട്ടെന്ന തരത്തിൽ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന കോടതി രേഖ പുറത്തുവന്നു.
കേസ് 14-ലേക്ക് മാറ്റുന്നു എന്നു മാത്രമാണ് തിങ്കളാഴ്ച കോടതി പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. ജലീലിനെതിരേ ഹർജി നൽകിയ സുപ്രീംകോടതി അഭിഭാഷകൻ ജി എസ് മണിയാണ് തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ. കേസ് പരിഗണിച്ചശേഷം ഇയാൾ കോടതിയിൽ നിന്നിറങ്ങി മാധ്യമങ്ങളോട് കേസെടുക്കാൻ ഉത്തരവിട്ടെന്ന് പറയുകയായിരുന്നു.
ജലീലിനെതിരെ കേസെടുക്കാൻ പൊലീസിനോട് നിർദ്ദേശിച്ചെന്ന വാർത്തയിൽ മലയാള മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കണമെന്ന് ഡൽഹി കോടതി ആവശ്യപ്പെട്ടു. തെറ്റായ വാർത്ത തിരുത്തി ഖേദപ്രകടനം പ്രസിദ്ധപ്പെടുത്തി സമർപ്പിക്കണമെന്നാണ് കോടതി ഉത്തരവ്. മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ്, 24 ന്യൂസ്, മനോരമ ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾക്കാണ് കോടതി നിർദ്ദേശം.
തെറ്റായ വാർത്തകളെ നിശിതമായി വിമർശിച്ചു കൊണ്ടാണ് ഡൽഹി കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കോടതി റിപ്പോർട്ടിംഗിൽ വന്ന ജാഗ്രതക്കുറവ് കോടതി അലക്ഷ്യമുൾപ്പടെയുള്ള കേസുകൾക്ക് കാരണമാകുമെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന താക്കീതും അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഹർജിത് സിങ് ജസ്വാൾ നൽകി. ആരെങ്കിലും പറയുന്നത് കേട്ട് വാർത്ത നൽകരുതെന്നാണ് കോടതി നിർദ്ദേശിച്ചത്.
കേസിലെ പരാതിക്കാരനായ അഡ്വ. ജി.എസ് മണി കോടതിയിൽ ഖേദപ്രകടനം നടത്തുകയും ചെയ്തു. ജിഎസ് മണിയാണ് തെറ്റായ വാർത്ത മാധ്യമങ്ങൾക്ക് നൽകിയതെന്നാണ് കണ്ടെത്തൽ. ജലീലിന് വേണ്ടി അഡ്വ: കെ.എസ് സുബാഷ് ചന്ദ്രൻ, അഡ്വ: കൃഷ്ണ എൽ.ആർ എന്നിവരാണ് കോടതിയിൽ ഹാജരായത്.