- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരക്കാർ അക്രമങ്ങൾ നടത്തുമ്പോൾ പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുന്നു; നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനോ സമരക്കാരെ നേരിടാനോ തയ്യാറാവുന്നില്ല; സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. തുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്താണ് ഹർജി നൽകിയത്. പൊലീസ് സുരക്ഷയില്ലാത്തതിനാൽ തുറമുഖ നിർമ്മാണം നിലച്ചെന്ന് കോടതിയലക്ഷ്യ ഹർജിയിൽ അദാനി ഗ്രൂപ്പ് ആരോപിച്ചു.
പദ്ധതി തടസ്സപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും തുറമുഖ നിർമ്മാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൊലീസ് സുരക്ഷയൊരുക്കാൻ സർക്കാറിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും കോടതി നിർദ്ദേശം നൽകിയിരുന്നു.
ഈ ഉത്തരവു പാലിച്ചില്ലെന്നാരോപിച്ചാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കോടതിയലക്ഷ്യ ഹർജി നൽകിയത്. ചീഫ് സെക്രട്ടറി വി.പി. ജോയി, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് കമ്പനി, പോർട്ട് സെക്രട്ടറി തുടങ്ങിയവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.
ചീഫ് സെക്രട്ടറി, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ്, പോർട്ട് സെക്രട്ടറി എന്നിവർ പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. ജസ്റ്റീസ് അനു ശിവരാമന്റെ ബെഞ്ച് ഹർജി വ്യാഴാഴ്ച പരിഗണിക്കും. പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ട സെപ്റ്റംബർ ഒന്നു മുതൽ ബുധനാഴ്ച വരെ തുറമുഖ നിർമ്മാണ മേഖലയിൽ സമരക്കാർ ചെയ്ത കാര്യങ്ങളും ഇതു ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് പലപ്പോഴായി സർക്കാരിന് നൽകിയ കത്തുകളുമൊക്കെ വിശദീകരിച്ചാണ് കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുള്ളത്. ഓഗസ്റ്റ് 16 മുതൽ നടത്തുന്ന സമരം കാരണം നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കേണ്ടി വന്നു.
ഓഗസ്റ്റ് 19 നു സമരക്കാർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് നിർമ്മാണ മേഖലയിലും അതീവ സുരക്ഷാ മേഖലയിലും പ്രവേശിച്ചെന്നും സമരക്കാർ അക്രമങ്ങൾ നടത്തുമ്പോൾ പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുകയാണെന്നും ഹർജിക്കാർ ആരോപിക്കുന്നു. സമരത്തിൽ ലത്തീൻ അതിരൂപതയിലെ പുരോഹിതർ ഉൾപ്പെടെയുണ്ടെന്നും വ്യക്തമാക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനോ സമരക്കാരെ നേരിടാനോ സർക്കാർ തയാറാവുന്നില്ലെന്നാണ് അദാനിഗ്രൂപ്പിന്റെ ആരോപണം.