കോഴിക്കോട്: കൃത്യനിർവഹണത്തിനിടയിൽ മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ പ്രതികളായ ഡി വൈ എഫ് ഐ നേതാവിനും കൂട്ടുപ്രതികൾക്കും കോടതി ജാമ്യം നിഷേധിച്ചു. കോഴിക്കോട് സെഷൻസ് കോടതിയാണ് കേസിന്റെ അതീവ ഗൗരവ സ്വഭാവം കണക്കിലെടുത്ത് ജാമ്യം നിഷേധിച്ചത്. കീഴടങ്ങൽ കുറ്റസമ്മതമായി കണക്കാക്കണമെന്നും സി എം പി നമ്പർ 3264/2022 കേസിൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ ജാമ്യം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരായ സുരക്ഷാ ജീവനക്കാർക്കായി ഹാജരായ അഡ്വ. ഡോ. ബബില ഉമ്മർഖാൻ വാദിച്ചിരുന്നു.

ഈ വാദം പരിഗണിച്ചാണ് കോടതിയുടെ സുപ്രധാനമായ വിധിയുണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ അഞ്ചുവരെ പ്രതികൾ പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞതും മുങ്ങാൻ സാധ്യതയുണ്ടെന്നതും കസ്റ്റഡിയിലെടുത്തതിൽ പിന്നെ അന്വേഷണ സംഘവുമായി സഹകരിക്കാതിരുന്നതും തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.

നിയമം തെറ്റിനെ സാധൂകരിക്കുന്നില്ലെന്നു വിധി പ്രസ്താവിച്ച ജഡ്ജ് എസ് കൃഷ്ണകുമാർ ഓർമിപ്പിച്ചു. കോടതിയുടെ വിധി പ്രതികൾക്കു മാത്രമല്ല, പ്രതികളെ ഏതറ്റംവരെയും പോയി സംരക്ഷിക്കാൻ തങ്ങൾ ഒരുക്കമാണെന്ന ഭരണകക്ഷിയായ സി പി എം നേതൃത്വത്തിനുള്ള അടി കൂടിയായിരിക്കുകയാണ്. പ്രതികളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യയുണ്ടെന്ന അഡ്വ. ബബിലയുടെ വാദവും കോടതി മുഖവിലയ്ക്കെടുത്തു.

ഓഗസ്റ്റ് 31ന് ആയിരുന്നു കുടുംബത്തിനൊപ്പം എത്തിയപ്പോൾ ആശുപത്രിക്ക് അകത്തേക്കു കടത്തിവിട്ടില്ലെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ നേതാവ് അനൂപും സംഘവും സുരക്ഷാ ജീവനക്കാരെ അതിക്രൂരമായി മർദിച്ചത്. കേസിൽ പ്രതികളായ കെ അരുൺ, എം കെ അശിൻ, കെ രാജേഷ്, മുഹമ്മദ് ഷബീർ, എം സജിൻ എന്നിവരായിരുന്നു ജാമ്യം തേടി കോടതിയെ സമീപിച്ചത്. കേസിൽ 16 പേരാണ് പ്രതികൾ. ഇവരിൽ ഭൂരിഭാഗവും ഡി വൈ എഫ് ഐ പ്രവർത്തകരാണ്.

കേസിൽ സി പി എം സമ്മർദത്തിൽ മെഡിക്കൽകോളജ് പൊലിസ് തുടക്കത്തിൽ തണുപ്പൻ നിലപാടായിരുന്നു സ്വീകരിച്ചത്. സുരക്ഷാ ജീവനക്കാർ ഉൾപ്പെടുന്ന വിമുക്തഭടന്മാരുടെ സംഘടനയും ആശുപത്രി ജീവനക്കാരുടെ സംഘടനയുമെല്ലാം അറസ്റ്റ് വൈകുന്നതിലും ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിലും പൊലിസ് കാണിക്കുന്ന അലംഭാവത്തിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയിരുന്നു. ഇതായിരുന്നു പൊലിസിനെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടിൽനിന്ന് പിന്മാറാൻ പ്രേരിപ്പിച്ചത്. ഒളിവിൽ കഴിഞ്ഞിരുന്ന അവസരത്തിലും പ്രതികൾ മു്ൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. കേസിൽ പ്രതികളായ ചിലർ കൂടി ഇനിയും അറസ്റ്റിലാവാനുണ്ട്.