- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന വിവാദ പരാമർശം നീക്കി; സിവിക് ചന്ദ്രന് ജാമ്യം നൽകിയ ഉത്തരവ് ഹൈക്കോടതി ശരി വച്ചു; സെഷൻസ് കോടതിയുടെ ജാമ്യ ഉത്തരവിൽ വസ്ത്രപരാമർശം അനാവശ്യമെന്ന് കോടതി
കൊച്ചി: ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ ഉത്തരവിലെ വിവാദ പരാമർശം ഹൈക്കോടതി നീക്കം ചെയ്തു. പരാതിക്കാരി പ്രകോപനപരമായ വിധത്തിൽ വസ്ത്രം ധരിച്ചെന്ന, കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ പരാമർശമാണ് ഹൈക്കോടതി ഒഴിവാക്കിയത്. എന്നാൽ സിവിക് ചന്ദ്രനു ജാമ്യം നൽകിയ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
പ്രായം കണക്കിലെടുത്ത് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യത്തിൽ തുടരാമെന്നു കോടതി വ്യക്തമാക്കി. കീഴ്‌ക്കോടതി ഉത്തരവിനെതിരെ സർക്കാരും ഇരയും നൽകിയ അപ്പീലുകളിലാണു നടപടി.ജാമ്യ ഉത്തരവിൽ വസ്ത്രവുമായി ബന്ധപ്പെട്ടുള്ളത് അനാവശ്യ പരാമർശമാണെന്ന് കോടതി പറഞ്ഞു.
ജില്ലാ കോടതി ഉത്തരവിൽ നിയമപരമായ പിശകുകളുണ്ടെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാണിച്ചിരുന്നു. കോഴിക്കോട് കോടതി ഉത്തരവിലെ പരാമർശങ്ങൾ സ്ത്രീ വിരുദ്ധമാണെന്നും, സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾക്ക് എതിരാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
2020 ഫെബ്രുവരി 8നു നടന്ന ക്യാംപിനുശേഷം പരാതിക്കാരി കടൽത്തീരത്തു വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ കടന്നു പിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണു പരാതി. 2022 ജൂലൈ 29ന് അതിജീവിത നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിൽനിന്നുള്ള ഫോട്ടോകൾ പ്രതി ഹാജരാക്കിയതു പരിശോധിച്ച സെഷൻസ് കോടതി യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നു എന്നു പരാമർശിച്ചതു വിവാദമായിരുന്നു. അപ്രസക്തമായ രേഖകളെ ആശ്രയിച്ചാണു മുൻകൂർ ജാമ്യം നൽകിയതെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു വിലയിരുത്തി ഹൈക്കോടതി ഓഗസ്റ്റിൽ സെഷൻസ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.