ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു.കേസിന്റെ മെരിറ്റ് പരിഗണിക്കാതെയാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്ന് ജസ്റ്റിസ് എംആർ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. സായിബാബയെ കുറ്റവിമുക്തനായതിനെതിരെ മഹാരാഷ്ട്രാ സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് നടപടി.പ്രൊഫ. സായിബാബയെയും മറ്റു പ്രതികളെയും ഉടൻ ജയിലിൽനിന്നു മോചിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. മഹാരാഷ്ട്രാ സർക്കാരിന്റെ ഹർജിയിൽ പ്രൊഫ. സായിബാബയും മറ്റുള്ളവരും നാലാഴ്ചയ്ക്കകം പ്രതികരണം അറിയിക്കാൻ ബെഞ്ച് നിർദ്ദേശിച്ചു.

ഇന്നലെ ഹൈക്കോടതി വിധി വന്നതിനു പിന്നാലെ തന്നെ അപ്പീലുമായി സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി അടിയന്തരമായി കേൾക്കണമെന്ന സർക്കാർ വാദം അംഗീകരിച്ച് ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയാണ് വാദം കേട്ടത്. ശിക്ഷിച്ചത് തെളിവുകൾ വിശദമായി പരിശോധിച്ചാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഗുരുതര കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സമൂഹത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും എതിരെയാണു കുറ്റങ്ങളെന്നും സുപ്രീം കോടതി വ്യക്തമാക്കി. സായിബാബ ഉൾപ്പെടെ ആറുപേരെയും കുറ്റവിമുക്തരാക്കിയ വിധിയാണു മരവിപ്പിച്ചത്. മോശമായ ആരോഗ്യസ്ഥിതിയും വീൽചെയറിലാണെന്നതും കണക്കിലെടുത്ത് ജാമ്യം നൽകി വീട്ടുതടങ്കലിലാക്കണമെന്ന സായിബാബയുടെ ആവശ്യവും സുപ്രീംകോടതി തള്ളി.

ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു അപ്പീൽ പരിഗണിച്ചത്. മഹാരാഷ്ട്ര സർക്കാരിന്റെ ഹർജിയിൽ പ്രതികൾക്ക് കോടതി നോട്ടീസ് അയയ്ക്കുകയും വിഷയം ഡിസംബർ 8ന് വാദം കേൾക്കാൻ മാറ്റുകയും ചെയ്തു. വീട്ടുതടങ്കലിലാക്കണമെന്ന ഹർജി പരിഗണിക്കാനാകില്ലെന്നും സായിബാബയെ ശിക്ഷിച്ചത് ഗുതുതര കുറ്റത്തിനാണെന്നും കോടതി പറഞ്ഞു.

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് സായിബാബയെ കുറ്റവിമുക്തനാക്കാൻ ഉത്തരവിട്ടത്. അദ്ദേഹത്തെ ഉടൻ ജയിൽ മോചിതനാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. 2017ലെ വിചാരണക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സായിബാബ നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ രോഹിത് ഡിയോ, അനിൽ പൻസാരേ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ശാരീരിക പരിമിതികളുള്ള അദ്ദേഹം നാഗ്പൂർ ജിയിലിലാണ് തടവിൽ കഴിയുന്നത്.