- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാങ്കേതിക സർവകലാശാല വിസി ഡോ.എംഎസ് രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കി; നടപടി, നിയമനം യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെ എന്ന് കണ്ടെത്തിയതോടെ; വിസിയെ ശുപാർശ ചെയ്ത സെർച്ച് കമ്മിറ്റി ഒരുപേര് മാത്രം നിർദ്ദേശിച്ചത് മാനദണ്ഡത്തിന് വിരുദ്ധമെന്ന ഹർജിക്കാരുടെ വാദത്തിന് അംഗീകാരം; വിധി പകർപ്പ് കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് ഡോ.എംഎസ് രാജശ്രീ
ന്യൂഡൽഹി: എപിജെ അബ്ദുൽകലാം സാങ്കേതിക സർവലാശാലാ വൈസ് ചാൻസലർ ഡോ. എംഎസ് രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കി. യുജിസി മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്.
വൈസ് ചാൻസലറെ ശുപാർശ ചെയ്യാൻ നിയോഗിക്കപ്പെട്ട സെർച്ച് കമ്മിറ്റി ഒരു പേരു മാത്രം നിർദ്ദേശിച്ചത് യുജിസി മാനദണ്ഡത്തിനു വിരുദ്ധമാണെന്ന് കോടതി പറഞ്ഞു. മൂന്നു പേരുകൾ നിർദ്ദേശിക്കണമെന്നും ഇതിൽനിന്ന് ഒരാളെ നിയമിക്കണമെന്നുമാണ് യുജിസി മാനദണ്ഡത്തിൽ പറയുന്നത്. സാങ്കേതിക സർവലാശാലാ വിസി നിയമനം ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഇതിലെ വാദങ്ങൾ കോടതി അംഗീകരിച്ചു.
2019 ഫെബ്രുവരി രണ്ടിനാണ് ഡോ.രാജശ്രീ എം. എസിനെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി നിയമിച്ച് ഗവർണർ ഉത്തരവ് ഇറക്കിയത്. എന്നാൽ ഈ നിയമനം യുജിസി ചട്ടങ്ങൾ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എൻജിനീയറിങ് ഫാക്കൽറ്റി മുൻ ഡീൻ ഡോ. ശ്രീജിത്ത് പി. എസ്. നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.
വൈസ് ചാൻസലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങളിൽ മൂന്ന് ലംഘനം ഉണ്ടായെന്നാണ് ഹർജിക്കാരനായ ശ്രീജിത്തിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. വൈസ് ചാൻസലർ നിയമത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ രൂപീകരണം ചട്ടങ്ങൾ ലംഘിച്ചുകൊണ്ടായിരുന്നു എന്നതാണ് അതിലെ ആദ്യ ആരോപണം. വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള പ്രമുഖ വ്യക്തികൾ അടങ്ങുന്നതായിരിക്കണം സെർച്ച് കമ്മിറ്റിയെന്നാണ് യുജിസി ചട്ടം. എന്നാൽ ചീഫ് സെക്രട്ടറിയെയാണ് സെർച്ച് കമ്മിറ്റിയിൽ അംഗമാക്കിയത്. അദ്ദേഹം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തിയല്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു.
യുജിസി ചെർമാന്റെ നോമിനിക്ക് പകരം എഐസിടിഇ നോമിനിയെയാണ് സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. വൈസ് ചാൻസലർ നിയമനത്തിന് പാനൽ നൽകണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥ ലംഘിച്ച് ഡോ. രാജശ്രീയുടെ പേര് മാത്രമാണ് ചാൻസലറായ ഗവർണർക്ക് കൈമാറിയതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.
അതേസമയം, രാജശ്രീയുടെ നിയമനം 2015-ലെ സാങ്കേതിക സർവകലാശാല നിയമത്തിന്റെ പതിമൂന്നാം വകുപ്പ് പ്രകാരമാള്ള നടപടിക്രമങ്ങൾ പാലിച്ചാണെന്ന് സംസ്ഥാന സർക്കാരിന്റെയും, രാജശ്രീയുടെയും അഭിഭാഷകർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. 2013-ലെ യുജിസി ചട്ടങ്ങൾ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്താൻ അധികാരമുണ്ടെന്ന സംസ്ഥാന സർക്കാരിന്റെയും രാജശ്രീയുടെയും അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചില്ല. അഭിഭാഷകരായ ഡോ. അമിത് ജോർജ്, മുഹമ്മദ് സാദിഖ്, എന്നിവരാണ് ഹർജിക്കാരൻ ശ്രീജിത്തിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. രാജശ്രീയ്ക്ക് വേണ്ടി അഭിഭാഷകൻ പി.വി. ദിനേശും സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോൺസൽ ഹർഷദ് വി. ഹമീദ് എന്നിവരും ഹാജരായി.
വിധിയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് ഡോ. എംഎസ് രാജശ്രീ പറഞ്ഞു.