കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിൽ പൊലീസ് കസ്റ്റഡി അനുവദിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എന്നാൽ പ്രതികളുടെ അഭിഭാഷകൻ ബിഎ ആളൂരിന് ഒന്നിടവിട്ട ദിവസങ്ങളിൽ അര മണിക്കൂർ നേരം അവരെ കാണാൻ അനുവദിക്കണമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിൽ പറഞ്ഞു.

പന്ത്രണ്ടു ദിവസം പൊലീസ് കസ്റ്റഡി അനുവദിച്ചതിന് എതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ആയുധങ്ങൾ കണ്ടെടുക്കുന്നത് ഉൾപ്പെടെയുള്ള തെളിവെടുപ്പു പൂർത്തിയായ സാഹചര്യത്തിൽ ഇതു നിയമ വിരുദ്ധമാണെന്നാണ് ബിഎ ആളൂർ വാദിച്ചത്. പൊലീസ് കസ്റ്റഡി അനുവദിക്കുന്നതു സംബന്ധിച്ച സുപ്രീം കോടതി നിർദേശത്തിനു വിരുദ്ധമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ദിവസവും കക്ഷികളെ കാണാൻ അനുവദിക്കണമെന്ന തന്റെ ആവശ്യം മജിസ്ട്രേറ്റ് പരിഗണിച്ചില്ലെന്നും ആളൂർ അറിയിച്ചു.

കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ കസ്റ്റഡി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. കൃത്യമായ കാരണങ്ങൾ നിരത്തിയാണ് കസ്റ്റഡി അപേക്ഷ നൽകിയതെന്ന്, ഡിജിപി ഷാജി പി ചാലി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. എന്നാൽ പ്രതികളെ കാണാൻ അനുവദിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം ന്യായമാണെന്ന് കോടതി പറഞ്ഞു.