- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.വി അൻവർ എംഎൽഎയുടെ നാലു തടയണകളും ഉടൻ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി; പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി തടയണകൾ പൊളിച്ചുനീക്കി തുക ഈടാക്കണം; ഉത്തരവ് നാല് വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ
മലപ്പുറം: നാലു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, പി.വി അൻവർ എംഎൽഎയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കാടംപൊയിലിലെ പി.വി ആർ നാച്വറോ റിസോർട്ടിൽ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമ്മിച്ച നാലു തടയണകളും ഉടൻ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തടയണകൾ പീ വീആർ നാച്വറൽ റിസോർട്ട് അധികൃതർ ഉടൻ പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി തടയണകൾ പൊളിച്ചുനീക്കി ഇതിനായി ചെലവുവരുന്ന തുക ഇവരിൽ നിന്നും ഈടാക്കണമെന്നും ജസ്റ്റിസ് വി.ജി അരുൺ ഉത്തരവിൽ വ്യക്തമാക്കി.
തടയണകൾ പൊളിക്കാൻ കോഴിക്കോട് ജില്ലാ കളക്ടർ ഉത്തരവിട്ടപ്പോൾ തടയണ ഉൾപ്പെടുന്ന സ്ഥലം പി.വി അൻവർ എംഎൽഎ കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വിൽപന നടത്തുകയായിരുന്നു. തുടർന്ന് തടയണകളിലെ വെള്ളം തുറന്നുവിട്ടെന്നും തടയണകൾ പൊളിച്ചുനീക്കിയാൽ തന്റെ സ്ഥലത്തേക്കുള്ള വഴി തടസപ്പെടുമെന്ന് കാണിച്ച് ഷഫീഖ് ഹൈക്കോടതിയെ സമീപിച്ച് തടയണ പൊളിക്കുന്നതിന് താൽക്കലിക സ്റ്റേ നേടുകയായിരുന്നു.
നീരുറവക്ക് കുറുകെ റോഡ് പണിതാണ് റിസോർട്ടിലേക്ക് വഴിയൊരുക്കിയിരുന്നത്. തടയണകൾ പൊളിക്കാനുള്ള കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി രാജന്റെ കോടതി അലക്ഷ്യ ഹർജിയും ഒന്നിച്ചു പരിഗണിച്ചാണ് തടയണകൾ പൂർണമായും പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
നിയമവിരുദ്ധമായി നിർമ്മിച്ച തടയണകൾക്കും നിർമ്മാണങ്ങൾക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയാവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രനാണ് 2018 ജില്ലാ കളക്ടർക്ക് ആദ്യം പരാതി നൽകിയത്. ഈ പരാതിയിൽ ഒരു വർഷമായിട്ടും നടപടിയുണ്ടാകാതായതോടെ മുരുകേഷ് നരേന്ദ്രൻ അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പരാതി നൽകുകയായിരുന്നു. ഇതോടെ മന്ത്രി കോഴിക്കോട് ജില്ലാ കളക്ടറുടെ റിപ്പോർട്ട് തേടി. അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് തടയണകൾ നിർമ്മിച്ചതെന്നു കാണിച്ച് കൂടരഞ്ഞി വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും കളക്ടർക്ക് റിപ്പോർട്ട് നൽകി.
എന്നാൽ ജില്ലാ കളക്ടർ തുടർനടപടി സ്വീകരിക്കാതിരുന്നതോടെ കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി രാജന്റെ ഹർജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കളക്ടർ തീരുമാനമെടുക്കാൻ ഹൈക്കോടതി 2020 ഡിസംബർ 22ന് ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ട് പരിഗണിച്ചുവേണം കളക്ടർനടപടിയെടുക്കണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി ഉത്തരവ് വന്ന് അഞ്ചുമാസമായിട്ടും കളക്ടർ അനധികൃത തടയണകൾക്കും നിർമ്മാണങ്ങൾക്കുമെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെ രാജൻ കോഴിക്കോട് കളക്ടർക്കെതിരെ ഹൈക്കോടതിയിൽ കോടതി അലക്ഷ്യഹർജി നൽകുകയായിരുന്നു. ഇതോടെ പ്രകൃതിദത്തമായ നീരൊഴുക്ക് തടസപ്പെടുത്തി നിർമ്മിച്ച നാലു തടയണകൾ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്വന്തം ചെലവിൽ പൊളിച്ചുനീക്കി ഇതിനു ചെലവായ തുക തടയണകെട്ടിയവരിൽ നിന്നും ഈടാക്കണമെന്ന് കോഴിക്കോട് കളക്ടർ ഡോ. നരസിംഹുഗാരി ടി.എൽ റെഡി 2021 ഓഗസ്റ്റ് 30ന് ഉത്തരവിട്ടു.
തടയണകൾ പൊളിക്കുന്നതിന് തടയിടാൻ പി.വി അൻവർ എംഎൽഎ റിസോർട്ട് ഉൾപ്പെടുന്ന സ്ഥലം കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വിൽപന നടത്തി. തടയണകൾ പൊളിച്ചാൽ അവക്ക് മുകളിലൂടെ നിർമ്മിച്ച റോഡ് തകരുമെന്നും തനിക്കും സമീപവാസികൾക്കും വഴി നഷ്ടപ്പെടുമെന്നും കാണിച്ച് ഷഫീഖ് ആലുങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. തടയണകൾ പൊളിക്കുന്നത് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.
ഇവരുടെ ആവശ്യപ്രകാരം നിയോഗിച്ച അഭിഭാഷക കമ്മീഷൻ തടയണയിലെ വെള്ളം ഒഴുക്കികളഞ്ഞതിനാൽ അപകട ഭീഷണിയില്ലെന്നും തടയണകൾ പൊളിച്ചാൽ സമീപവാസികൾക്ക് വഴി നഷ്ടപ്പെടുമെന്നും ഹൈക്കോടതിയെ അറിയിച്ചു. കക്കാടംപൊയിൽ സ്വദേശികളായ നാട്ടുകാർ തടയണ പൊളിക്കരുതെന്ന നിലപാടുകാരാണെന്നും കക്കാടംപൊയിലിന് പുറത്തുള്ളവരാണ് പരാതിക്കാരെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. കക്കാടംപൊയിൽ സ്വദേശിയായ കെ.വി ജിജു കേസിൽ കക്ഷിയായി അഭിഭാഷക കമ്മീഷൻ റിപ്പോർട്ടിനെതിരെ വാദം ഉയർത്തി.
അഭിഭാഷക കമ്മീഷൻ സ്ഥലം സന്ദർശിച്ചപ്പോൾ ജിജു അടക്കമുള്ള പരിസ്ഥിതി പ്രവർത്തകരെ തടയണ പ്രദേശത്തേക്ക് കടക്കാനാവാതെ തടയുകയായിരുന്നു. തടയണ പൊളിക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനു ശേഷം പി.വി അൻവറിൽ നിന്നും സ്ഥലം വാങ്ങിയതിനാൽ കളക്ടറുടെ ഉത്തരവ് ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഷഫീഖ് ആലുങ്ങലിന്റെ ഹരജി തള്ളിയത്. ടി.വി രാജനുവേണ്ടി അഡ്വ.സി.എം മുഹമ്മദ് ഇഖ്ബാൽ, ജിജുവിനു വേണ്ടി അഡ്വ. പിയൂസ് എ കൊറ്റം എന്നിവർ ഹാജരായി.
ഉരുൾപൊട്ടലിനെ തുടർന്ന് 2018ൽ കോഴിക്കോട് ജില്ലാ കളക്ടർ അടച്ചുപൂട്ടിയ കക്കാടംപൊയിലിലെ പി.വി അൻവർ എംഎൽഎയുടെ വാട്ടർതീം പാർക്കുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതിയുടെ ഭാഗമാണ് പീവീആർ നാച്വറോ റിസോർട്ട്.ഇവിടെ നിന്നും ഒന്നര കിലോ മീറ്റർ അകലെ മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ നിർമ്മിച്ച തടയണ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഭാഗികമായി പൊളിച്ചു മാറ്റി വെള്ളം തുറന്നുവിട്ടിരുന്നു.
എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി അതീവ പരിസ്ഥിതി ലോക പ്രദേശമായ കക്കാടംപൊയിലിൽ പീവീആർ നാച്വറോ റിസോർട്ടിൽ പ്രകൃതിദത്ത നീരുറവ തടഞ്ഞ് നിർമ്മിച്ച 4 തടയണകൾ പൊളിക്കാൻ ഹൈക്കോടതിയുടെ ഉത്തരവ് എത്തിയത് നാലു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ്. കൂടരഞ്ഞി പഞ്ചായത്തും കോഴിക്കോട് കളക്ടറും നടപചടിയെടുക്കാതെ പലവട്ടം സംരക്ഷിച്ചിട്ടും തടയണ പൊളിക്കാനുള്ള കോടതി വിധിയിലേക്ക് നയിച്ചത് പരാതിക്കാരുടെ വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടമാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്