കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് നടത്തിപ്പിൽ ജഡ്ജിമാർ വേണ്ടെന്നു ഹൈക്കോടതി. നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡീഷ്യൽ ഓഫിസർമാർ കോടതി വളക്ക് നടത്തിപ്പിൽ പങ്കാളികളാകരുത്. കോടതി വിളക്ക് എന്നു വിളിക്കുന്നതും അസ്വീകാര്യമാണ്. ഇതു സംബന്ധിച്ച് തൃശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ തൃശൂർ ജില്ലാ ജഡ്ജിക്ക് കത്തയച്ചു.

ബാർ അസോസിയേഷൻ അംഗങ്ങൾ ഒറ്റയ്ക്കോ കൂട്ടായോ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ എതിർപ്പില്ലെങ്കിലും, 'കോടതി വിളക്ക്' എന്ന പേര് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. കോടതികൾ മതപരമായ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കും ഇതെന്നും ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ വിലയിരുത്തി. മതേതര ജനാധിപത്യ സ്ഥാപനങ്ങൾ എന്ന നിലയിൽ കോടതികൾ ഏതെങ്കിലും പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ചാവക്കാട് മുൻസിഫ് കോടതി ജീവനക്കാരാണ് ബ്രിട്ടിഷ് ഭരണകാലത്ത് വിളക്ക് തുടങ്ങിയത്. പിന്നീട് ചാവക്കാട് ബാർ അസോസിയേഷൻ ചടങ്ങ് ഏറ്റെടുത്തു.