- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാൻസലറായ ഗവർണർക്കെതിരെ പ്രമേയം പാസാക്കാൻ ആവില്ല; ആരിഫ് മുഹമ്മദ് ഖാനെതിരെ സെനറ്റ് പ്രമേയം പാസാക്കിയതിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; കേരള സർവകലാശാല വിസി വേണമെന്ന് ആഗ്രഹിക്കുന്നത് കോടതി മാത്രം; വിവാദം തീർക്കാൻ സർവകലാശാലയ്ക്ക് താൽപര്യമില്ലേ എന്നും കോടതി
കൊച്ചി : ഗവർണർക്കെതിരെ സർവകലാശാലാ സെനറ്റ് പ്രമേയം പാസാക്കിയതിൽ ഹൈക്കോടതിക്ക് അതൃപ്തി. ആരിഫ് മുഹമ്മദ് ഖന്റെ തങ്ങളെ പുറത്താക്കിയതിന് എതിരെ കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. സെനറ്റിന് ഗവർണർക്കെതിരെ പ്രമേയം പാസാക്കാൻ ആകില്ലെന്ന് കോടതി നിരീക്ഷിച്ചു. ചാൻസലർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിൽ എതിർപ്പുണ്ടെങ്കിൽ പ്രമേയം പാസാക്കുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു.
അതേ സമയം, വൈസ് ചാൻസലറില്ലാതെ സർവ്വകലാശാലയ്ക്ക് മുന്നോട്ട് പോകാൻ ആകില്ലെന്നും ഇക്കാര്യത്തിൽ കോടതിക്ക് ആശങ്കയുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു. നോമിനിയെ നിർദ്ദേശിക്കാൻ ഉദ്ദേശമില്ലെങ്കിൽ, തുറന്ന് പറയണമെന്ന് നിർദ്ദേശിച്ച കോടതി, വിവാദം തീർക്കാൻ സർവകലാശാലക്ക് താൽപ്പര്യമില്ലേയെന്നും ചോദിച്ചു. വൈസ് ചാൻസലർ വേണമെന്ന് കോടതി മാത്രം ആഗ്രഹിക്കുന്ന സാഹചര്യമാണുള്ളത്. പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമ്പോൾ അംഗീകരിക്കാത്തത് നിരാശാജനകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.സർവകലാശാലയുടെയും വിദ്യാർത്ഥികളുടെയും ഭാവിയാണ് കോടതിക്ക് പ്രധാനം. വി സിയെ വേണ്ടെന്ന് സർവകലാശാല തീരുമാനിക്കുകയാണെങ്കിൽ കോടതിക്ക് തുടർനടപടി സ്വീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഹരജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. അതുവരെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയതിന് പകരം പുതിയ ആളുകളെ നിയമിക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും.സെർച്ച് കമ്മിറ്റി അംഗത്തെ നിർദ്ദേശിക്കുന്നത് അജണ്ടയിൽ ഇല്ലെന്ന് സർവകലാശാലയും കോടതിയെ അറിയിച്ചു. സെർച്ച് കമ്മിറ്റിയിലേക്കുള്ള നോമിനിയെ തീരുമാനിക്കുന്നതിന് നിയമപരമായ തടസമുണ്ടെന്ന് സർവകലാശാല കോടതിയെ അറിയിച്ചു. നിയമനത്തിന് കോടതി ഉത്തരവിട്ടാൽ അത് യൂണിവേഴ്‌സിറ്റിയെ അറിയിക്കാമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. നവംബർ 4 ന് ശേഷം വീണ്ടും യോഗം ചേരാൻ കഴിയുമോയെന്ന് അറിയിക്കാൻ സർവ്വകലാശാല സമയവും തേടി.