ന്യൂഡൽഹി: മീഡിയ വൺ ചാനലിന്റെ വിലക്കുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ വാദം തുടരുന്നു. ചാനലിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത് സുപ്രീം കോടതി മാർച്ചിൽ സ്‌റ്റേ ചെയ്തിരുന്നു. ബുധനാഴ്ച വാദം കേട്ടപ്പോൾ, മീഡിയ വൺ ചാനലിന്റെ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് സുരക്ഷാ അനുമതി നിഷേധിച്ചതിന്റെ കാരണം ചാനൽ ഉടമകളോട് അറിയിക്കുന്നതിൽ തടസമെന്തെന്ന് സുപ്രീം കോടതി ആരാഞ്ഞു. രാജ്യ സുരക്ഷാനിയമം ചുമത്തി തടങ്കലിൽ വയ്ക്കുന്നവരോട് പോലും അതിന്റെ കാരണം പറയണം. സുരക്ഷാ അനുമതി നിഷേധിച്ചതിന് ആധാരമായ കാര്യങ്ങൾ അറിയാതെ എങ്ങനെയാണ് അനുമതി നിഷേധിക്കപ്പെട്ടവർ നിയമനടപടി സ്വീകരിക്കുകയെന്ന് സുപ്രീം കോടതി ആരാഞ്ഞു.

സംപ്രേഷണാനുമതി നിഷേധിച്ചതിനെതിരെ മീഡിയ വൺ ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാനമായ ചോദ്യങ്ങൾ കേന്ദ്ര സർക്കാർ അഭിഭാഷകനോട് ആരാഞ്ഞത്. ഒരു കക്ഷി ആധാരമായി ഉപയോഗിക്കുന്ന കാര്യങ്ങൾ എതിർകക്ഷിയെ അറിയിക്കുകയെന്നതാണ് കോടതി നടപടികളുടെ അന്തഃസത്ത. ക്രിമിനൽ നടപടി ചട്ടപ്രകാരം ദേശസുരക്ഷാ നിയമം ചുമത്തപ്പെട്ടവരോട് പോലും അതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ദേശസുരക്ഷ ലംഘിക്കുന്ന എന്ത് കാര്യമാണ് ചെയ്തതെന്ന് അറിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനില്ലേയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു.

വിവരത്തിന്റെ സ്രോതസ് വെളിപ്പെടുത്താതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചാനലുമായി പങ്കുവെച്ച് കൂടേയെന്നും കോടതി ആരാഞ്ഞു. കേസിൽ കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ഈ ചോദ്യങ്ങൾക്ക് നാളെ സുപ്രീം കോടതിയിൽ മറുപടി നൽകും

ന്യൂനപക്ഷ വിഭാഗത്തത്തിൽപ്പെട്ടവരുടെ ചാനൽ ആയതിനാൽ മീഡിയ വണ്ണിനെതിരെ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നതെന്ന് ചാനൽ ഉടമകൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ ആരോപിച്ചു. ലൈസൻസ് പുതുക്കാൻ സുരക്ഷാ ക്ലിയറൻസ് ആവശ്യമില്ല. ഇക്കാര്യം ചട്ടങ്ങളിൽ വ്യക്തമാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.

ചാനൽ ഉടമകളുടെ മതവിശ്വാസമാണ് കേന്ദ്ര സർക്കാരിന് പ്രശ്‌നമെന്ന് ചാനൽ ഉടമകൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി ആരോപിച്ചു. സുരക്ഷ, അനുമതി എന്ന രണ്ട് വാക്ക് കൊണ്ട് മാധ്യമ സ്ഥാപനങ്ങളെ നിലയ്ക്ക് നിർത്താൻ സർക്കാരിനെ അനുവദിച്ചാൽ അത് മാധ്യമ പ്രവർത്തനത്തിന്റെ മരണമണിയാകുമെന്നും റോത്തഗി കോടതിയിൽ പറഞ്ഞു. സീനിയർ അഭിഭാഷകൻ ഹുസേഫാ അഹമദി, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരും മീഡിയ വണ്ണിന് വേണ്ടി ഇന്ന് സുപ്രീം കോടതിയിൽ ഹാജരായി.