കൊച്ചി: വിസിമാർക്കെതിരായ ചാൻസലറുടെ നടപടികൾ തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. വിസിമാരുടെ ഹർജിയിൽ അന്തിമ വിധി വരും വരെ നടപടി പാടില്ലെന്ന് ചാൻസലറായ ഗവർണറോട് ഹൈക്കോടതി നിർദ്ദേശിച്ചു. കാരണം കാണിക്കൽ നോട്ടീസിൽ അന്തിമതീരുമാനം എടുക്കരുതെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിസിമാർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

ഗവർണറുടെ നോട്ടീസിനെതിരായ ഹർജികൾ 17ലേക്ക് മാറ്റുകയും ചെയ്തു.അതേസമയം, മറുപടി സത്യവാങ്മൂലം നൽകാൻ മൂന്നുദിവസം സാവകാശം വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. ഗവർണറുടെ ഹിയറിങിന് ഹാജരാകണോയെന്ന് വിസിമാർക്ക് തീരുമാനിക്കാമെന്ന കോടതി പരാമർശത്തോട് നേരിട്ട് ഹാജരാകാൻ താൽപര്യമില്ലെന്ന് കണ്ണൂർ വിസി അറിയിക്കുകയും ചെയ്തു. തന്നെ ക്രിമിനൽ എന്ന് വിളിച്ച് അധിക്ഷേപിച്ച ഒരാളുടെ മുന്നിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഗോപിനാഥ് രവീന്ദ്രൻ അഭിഭാഷകൻ വഴി അറിയിച്ചത്.

യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച സാങ്കേതിക സർവകലാശാല വിസിയെ സുപ്രീംകോടതി പുറത്താക്കിയതിനെ തുടർന്നാണ് മറ്റു സർവകലാശാലകളിലെ വിസിമാരെ പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഗവർണർ നോട്ടിസ് നൽകിയത്. കാരണം കാണിക്കൽ നോട്ടിസ് ലഭിച്ച വൈസ് ചാൻസർമാർ ഗവർണർക്കു മറുപടി നൽകിയിരുന്നു.

മറുപടി നൽകാൻ വിസിമാർക്ക് ഇന്നലെ ഹൈക്കോടതി സമയം അനുവദിച്ചിരുന്നു. ഗവർണറെ നേരിട്ടുകണ്ട് വിശദീകരണം നൽകണമെങ്കിൽ അറിയിക്കാനും ഇന്നലെ
വരെ ആയിരുന്നു സമയം. നിയമനം നിയമപരമാണെന്ന മറുപടിയാണു വിസിമാർ നൽകിയിരിക്കുന്നത്. സർവകലാശാലയ്ക്കു നൽകിയ സേവനങ്ങളും മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. ഹൈക്കോടതി നിലപാടുകൂടി അറിഞ്ഞശേഷം ഗവർണർ തുടർനടപടികൾ സ്വീകരിക്കും. നേരിട്ടു ഹിയറിങ് വേണമെന്ന് ആവശ്യപ്പെട്ടവർക്ക് ഗവർണറുമായി കൂടിക്കാഴ്ചയ്ക്കു സമയം അനുവദിക്കുമെന്നും രാജ്ഭവൻ അറിയിച്ചു. വിസിമാരുടെ വിശദീകരണം പരിശോധിച്ചു കൂടിക്കാഴ്ചകൾക്കുശേഷം ഗവർണർ തുടർ നടപടികൾ സ്വീകരിക്കും.

കേരള വിസിയായിരുന്ന മഹാദേവൻപിള്ള, ഡോ.സാബു തോമസ് (എംജി), ഡോ.കെ.എൻ.മദുസൂദനൻ (കുസാറ്റ്), ഡോ.കെ.റിജി ജോൺ (കുഫോസ്), ഡോ.ഗോപിനാഥ് രവീന്ദ്രൻ (കണ്ണൂർ), ഡോ.എം വിനാരായണൻ (സംസ്‌കൃതം), ഡോ.എം.കെ.ജയരാജ് (കാലിക്കറ്റ്), ഡോ. അനിൽ വള്ളത്തോൾ (മലയാളം), ഡോ.സജി ഗോപിനാഥ് (ഡിജിറ്റൽ), ഡോ.പി.എം.മുബാറക് പാഷ (ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല) എന്നിവരാണു നോട്ടിസിനു മറുപടി നൽകിയത്. സാങ്കേതിക സർവകലാശാല വിസിയായിരുന്ന ഡോ.എം.എസ്.രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതിനാൽ നോട്ടിസ് നൽകിയിരുന്നില്ല.