- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധുവിന് പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ യാതൊരു മാനസിക-ശാരീരിക പീഡനവും ഏറ്റിട്ടില്ല; പീഡനം ഏറ്റതിന്റെ തെളിവുകളില്ല; പൊലീസ് കസ്റ്റഡിയിലാണ് മരിച്ചതെങ്കിലും കസ്റ്റഡി മരണമല്ല; മജിസ്റ്റീരിയൽ റിപ്പോർട്ടിലെ നിഗമനങ്ങൾ ശരിവച്ച് മുൻ മജിസ്‌ട്രേറ്റ്; കുറ്റക്കാരായ പൊലീസുകാരെ സഹായിക്കാനെന്ന് പ്രതിഭാഗവും
പാലക്കാട് : അട്ടപ്പാടിയിൽ, കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റേത് കസ്റ്റഡി മരണമല്ലെന്ന് വ്യക്തമാക്കുന്ന മജിസ്റ്റീരിയൽ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. മധു മരിച്ചത് പൊലീസ് കസ്റ്റഡിയിൽ വച്ചാണെങ്കിലും കസ്റ്റഡി മരണമല്ല. പൊലീസ് മർദ്ദിച്ചതിന്റെ യാതൊരു തെളിവുകളും ലക്ഷണങ്ങളുമില്ലെന്നായിരുന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
മധുവിന് പൊലീസ് കസ്റ്റഡിയിലിരിക്കെ യാതൊരു മാനസിക- ശാരീരിക പീഡനവും ഏറ്റിട്ടില്ലെന്ന് മണ്ണാർക്കാട് മജിസ്‌ട്രേറ്റ് ആയിരുന്ന എം രമേശൻ ഇന്ന് കോടതിയെ അറിയിച്ചു. മണ്ണാർക്കാട് എസ് സി എസ് ടി കോടതി വിസ്തരിക്കുന്നതിനിടയിലാണ് രമേശൻ ഇക്കാര്യം അറിയിച്ചത്. പീഡനം ഏറ്റതിന്റെ യാതൊരു തെളിവുമില്ല. കസ്റ്റഡിയിലിരിക്കെയാണ് മരണം സംഭവിച്ചത്. എന്നാൽ കസ്റ്റഡി മരണമല്ലെന്നും രമേശൻ പറഞ്ഞു.
അതേസമയം മധുവിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ പൂർത്തിയാക്കേണ്ട നടപടിക്രമങ്ങൾ പൊലീസ് പാലിച്ചില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ദേഹപരിശോധന അടക്കം നടത്തിയിട്ടില്ല. പൊലീസ് തയ്യാറാക്കിയത് വ്യാജ പരിശോധ റിപ്പോർട്ടെന്നും പ്രതിഭാഗം ആരോപിച്ചു. സംഭവ സമയത്ത് പൊലീസ് ഇൻസ്‌പെക്ഷൻ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടോ എന്ന് പ്രതിഭാഗം ചോദിച്ചു. എന്നാൽ പൊലീസിന്റെ ഇൻസ്‌പെക്ഷൻ റിപ്പോർട്ട് പരിശോധിക്കേണ്ട ആവശ്യം വന്നില്ല എന്നായിരുന്നു മജിസ്റ്റീരിയൽ അന്വേഷണ കമ്മീഷന്റെ മൊഴി.
മജിസ്ട്രീരിയൽ റിപ്പോർട്ട് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കാൻ മാത്രമെന്ന് പ്രതിഭാഗം വാദിച്ചു. കൃത്യമായ തെളിവുകൾ ശേഖരിച്ചില്ല. അവശനായ മധുവിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കാത്തത് കസ്റ്റഡി മരണമെന്നതിന് തെളിവെന്നും പ്രതിഭാഗം പറഞ്ഞു. അവശനായ മധുവിനെ തൊട്ടടുത്ത് ആശുപത്രി ഉണ്ടായിരുന്നെങ്കിൽ പൊലീസ് കാണിക്കുമായിരുന്നു എന്നാണ് വിശ്വാസമെന്ന് മുൻ മജിസ്‌ട്രേറ്റ് മറുപടി നൽകി. ഇല്ലെങ്കിൽ അത് പൊലീസിന്റെ വീഴ്ചയെന്നും മുൻ മജിസ്‌ട്രേറ്റ് രമേശൻ പറഞ്ഞു. 2018 ഫെബ്രുവരി 22ന് 3.30നും 4.15നും ഇടയിലാണ് മധുവിന്റെ മരണമെന്ന് രമേശൻ അറിയിച്ചു. എഫ്‌ഐആർ തയ്യാറാക്കാൻ വൈകിയത് പൊലീസിന്റെ വീഴ്ചയല്ലെന്നും എഫ്‌ഐആർ തയ്യാറാക്കുന്നതിന് ഒരു മണിക്കൂർ മുമ്പേ മധു മരിച്ചതായി ഡോക്ടറുടെ രേഖയുണ്ടെന്നും രമേശൻ പറഞ്ഞു.
പൊലീസ് ജീപ്പിൽ കയറ്റുമ്പോൾ തന്നെ മധു അവശനിലയിൽ ആയിരുന്നുവെന്ന് മജിസ്റ്റീരിയൽ റിപ്പോർട്ടിൽ നേരത്തെ വിശദീകരിച്ചിരുന്നു. മധു ഛർദ്ദിച്ചപ്പോൾ അഗളി ആശുപത്രിയിൽ എത്തിച്ചത് മൂന്ന് പൊലീസുകാരാണ്. മധുവിന് മർദ്ദിച്ചത് ആൾക്കൂട്ടമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നാല് വർഷം മുമ്പ് നടന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇത്. റിപ്പോർട്ട് ഇതുവരെ കേസ് ഫയലിനൊപ്പം ചേർന്നിട്ടില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷൻ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട് ഹർജി നൽകിയത്. കേസ് ഫയലുകൾക്കൊപ്പം മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടുകൾ ഇല്ലാത്തത് അപാകതയാണെന്ന വാദം പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി റിപ്പോർട്ടുകൾ വിളിച്ച് വരുത്തിയത്. മണ്ണാർക്കാർട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയിരുന്ന എം രമേശൻ, അന്നത്തെ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ് എന്നിവർ നടത്തിയ അന്വേഷണ റിപ്പോർട്ടുകളാണ് ഇത്.