- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണി സി കാപ്പന് എതിരായ വഞ്ചനാ കേസിൽ ഇടപെട്ട് സുപ്രീം കോടതി; ഹർജിയിൽ നാലുമാസത്തിനകം തീർപ്പുണ്ടാക്കണമെന്ന് ഹൈക്കോടതിക്ക് നിർദ്ദേശം; കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെന്ന വഞ്ചനാ കേസ് നൽകിയത് മുംബൈ വ്യവസായി ദിനേശ് മേനോൻ
ന്യൂഡൽഹി: തനിക്ക് എതിരായ വഞ്ചനാ കേസിന് എതിരെ പാലാ എം എൽ എ മാണി സി കാപ്പൻ നൽകിയ ഹർജി വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം. മുംബൈ വ്യവസായി നൽകിയ വഞ്ചനാ കേസിന് എതിരെയാണ് കാപ്പന്റെ ഹർജി. നാലുമാസത്തിനുള്ളിൽ ഹർജിയിൽ തീർപ്പ് ഉണ്ടാക്കണമെന്ന് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈക്കോടതിയോടു നിർദേശിച്ചു.
കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത്, 3.25 കോടി തട്ടിയെടുത്തെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോൻ ആണ് മാണി സി. കാപ്പനെതിരെ പരാതി നൽകിയത്. പരാതിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി കേസ് രജിസ്റ്റർ ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരുന്നത്. കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി മാണി സി. കാപ്പൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഈ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ദിനേശ് മേനോൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായത്.
എംപിമാരും എംഎൽഎമാരും പ്രതികളായ കേസിന്റെ വിചാരണ നടക്കുന്ന കോടതിയിലേക്ക് ഈ കേസ് മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ദിനേശ് മേനോന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. തനിക്കെതിരായ കേസ് ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി വാദം കേൾക്കണമെന്നാണ് കാപ്പൻ ഹൈക്കോടതിയിൽ സ്വീകരിച്ചിരുന്ന നിലപാട്.
അതേസമയം മാണി സി കാപ്പൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന് ദിനേശ് മേനോൻ നേരത്തേ ആരോപിച്ചിരുന്നു. മുംബൈ ബോറിവില്ലി കോടതിയിൽ വച്ചാണ് വധഭീഷണി മുഴക്കിയത്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയപ്പോഴാണ് മാണി സി കാപ്പന് ഭീഷണിപ്പെടുത്തിയത് എന്നാണ് പരാതിക്കാരൻ പറയുന്നത്. കോടതി പിരിഞ്ഞതിന് പിന്നാലെ വരാന്തയിൽ വച്ച് കേസ് വേഗം സെറ്റിൽ ചെയ്തില്ലെങ്കിൽ നാട്ടിൽ എത്തിയാൽ തട്ടിക്കളയും എന്ന് മാണി സി കാപ്പൻ പറഞ്ഞുവെന്നായിരുന്നു ആരോപണം.