കൊച്ചി: സാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനത്തിൽ, ചാൻസലർ സർക്കാരുമായി കൂടിയാലോചനയോ, ആശയവിനിമയമോ നടത്തിയില്ലെന്ന് ഹൈക്കോടതിയിൽ വാദം. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി തുടർ വാദത്തിനായി കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹർജി നിലനിൽക്കുമോ എന്ന കാര്യത്തിലാണ് ഇന്ന് ആദ്യം വാദം നടന്നത്.

ഹർജി നിലനിൽക്കില്ലെന്ന് ഗവർണർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ മറ്റെതങ്കിലും സർവകലാശാല വൈസ് ചാൻസലർമാർക്ക് അധിക ചുമതല നൽകുകയോ പ്രോ വൈസ് ചാൻസലർക്ക് താൽക്കാലിക ചുമതല നൽകുകയോ ആണ് ചട്ടപ്രകാരം വേണ്ടതെന്ന് സർക്കാർ കോടതിയിൽ ഇന്ന് ചൂണ്ടിക്കാട്ടി. ഗവർണറുടെ ഇപ്പോഴത്തെ നിയമനം താൽക്കാലികമാണെങ്കിൽ പോലും അത് നിലവിലെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സർക്കാർ വാദിച്ചു.

ഗവർണറുടെ നപടിക്കെതിരെ ഹർജി നൽകാൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സർക്കാർ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ വഴി ഇതിനു കഴിയുമെന്നും കോടതിയിൽ വാദിച്ചു. യുജിസി ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് പറഞ്ഞാണ് തങ്ങൾ നിർദ്ദേശിച്ച ആളെ ഗവർണർ മാറ്റിയത്. ഈ നിയമനവുമായി ബന്ധപ്പെട്ട് ചാൻസലർ സർക്കാരുമായി യാതൊരു ആശയവിനിമയം നടത്തിയിട്ടില്ലെന്നും കൂടിയാലോചനകളില്ലാതെയാണ് സിസി തോമസിന് വൈസ് ചാൻസലറുടെ താത്കാലിക ചുമതല ഏൽപ്പിച്ചതെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. സിസി തോമസിന് പകരം പ്രോ വൈസ് ചാൻസലറെ ചുമതലയേൽപ്പിക്കാമായിരുന്നു എന്നും സർക്കാർ ചൂണ്ടിക്കാട്ടി.

അതേസമയം മുൻ വൈസ് ചാൻസലറെ സുപ്രീംകോടതിയല്ലേ പുറത്താക്കിയതെന്ന് ഹൈക്കോടതി ചോദിച്ചു. അവരുടെ നിയമനം നിയമപരമല്ലെന്ന് കണ്ടെത്തിയല്ലേ പുറത്താക്കിയതെന്നും കോടതി ചോദിച്ചു. സർക്കാർ പറയുന്ന പോലെ സാധാരണ സാഹചര്യത്തിൽ പ്രോ വൈസ് ചാൻസലർക്കാണ് താത്കാലിക ചുമതല നൽകേണ്ടത് എന്ന വസ്തുത സമ്മതിച്ചാലും ഈ പറയുന്ന പ്രോ വൈസ് ചാൻസലർക്കും മതിയായ യോഗ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടതല്ലേയെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു. പ്രോ വിസിയുടെ റോൾ എന്തെന്ന് സർവകലാശാല ചട്ടം അനുസരിച്ച് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഇക്കാര്യത്തിൽ മറുപടി അഡ്വക്കറ്റ് ജനറൽ കൂടുതൽ സമയം കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് ഹർജി അടുത്ത വെള്ളിയാഴ്ചത്തേക്ക് കോടതി മാറ്റിയത്.