- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതപരിവർത്തനം മൗലികാവകാശമല്ല; മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ മതംമാറ്റത്തിനുള്ള അവകാശം ഉൾപ്പെടില്ല; നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധം; മതത്തിൽ വിശ്വസിക്കാനുള്ള അവകാശം എന്നത് മതം മാറ്റാനുള്ള അവകാശമല്ല; നിർബന്ധിത മതപരിവർത്തനം തടയാൻ നിയമനിർമ്മാണം ആവശ്യം; സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: മതപരിവർത്തനം മൗലികാവവകാശമല്ലെന്ന് കേന്ദ്ര സർക്കാർ. മതസ്വാതന്ത്ര്യത്തിനുള്ള മൗലിക അവകാശത്തിൽ മതപരിവർത്തനം ഉൾപ്പെടില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഏതെങ്കിലും മതത്തിലേക്ക് ഒരാളെ മാറ്റുന്നത് മൗലിക അവകാശമായി കാണാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിർബന്ധിതവും പ്രലോഭിപ്പിച്ചുമുള്ള മതപരിവർത്തനം തടയണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ മതംമാറ്റത്തിനുള്ള അവകാശം ഉൾപ്പെടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. പ്രലോഭിപ്പിച്ചോ ബലംപ്രയോഗിച്ചോ ചതിച്ചോ ഒരാളെ മറ്റൊരു മതത്തിലേക്കു മാറ്റുന്നത് മതസ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല. ഇത്തരത്തിൽ രാജ്യത്തിന്റെ പല ഭാഗത്തും മതംമാറ്റങ്ങൾ നടക്കുന്ന കാര്യം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന്, കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു.
നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമാണ്. മതത്തിൽ വിശ്വസിക്കാനുള്ള അവകാശം എന്നത് മതം മാറ്റാനുള്ള അവകാശമല്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. മതപ്രചാരണത്തിനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് ഭരണഘടനാ അസംബ്ലിയിൽ വിശദമായ ചർച്ചകൾ നടന്നിട്ടുണ്ട്. ഇരുപത്തിയഞ്ചാം അനുച്ഛേദത്തിൽ പ്രചരിപ്പിക്കുക എന്ന വാക്ക് ഉൾപ്പെടുത്തുന്നതു സംബന്ധിച്ചാണ് പ്രധാനമായും സംവാദങ്ങൾ നടന്നത്. മതംമാറ്റം അതിന്റെ പരിധിയിൽ വരില്ലെന്നു വ്യക്തമാക്കിയാണ്, ആ വാക്ക് ഉൾപ്പെടുത്തിയതെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.
ബലം പ്രയോഗിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റുന്നത് വ്യക്തിയുടെ ചിന്താസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. അത് സമൂഹത്തിലെ സൗഹാർദാന്തരീക്ഷം ഇല്ലാതാക്കുന്നു. അതു തടയാനുള്ള അധികാരം ഭരണകൂടത്തിനുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സമൂഹത്തിലെ ദുർബലവിഭാഗങ്ങളിൽ പെട്ടവരുടെ നിർബന്ധിത മതപരിവർത്തനം തടയാൻ നിയമനിർമ്മാണം ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. നിർബന്ധിത മതപരിവർത്തനമെന്ന ഭീഷണി തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പി. വേണുക്കുട്ടൻ നായരാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. മതസ്വാതന്ത്ര്യം മൗലികാവകാശം ആണെന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഭീഷണി, തട്ടിപ്പ്, വഞ്ചന, വശീകരണം എന്നിവയിലൂടെ മറ്റൊരാളെ മതപരിവർത്തനം ചെയ്യുന്നതിന് ഈ സ്വാതന്ത്ര്യം ഉപയോഗിക്കാൻ ആകില്ലെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിർബന്ധിത മതപരിവർത്തനം തടയുന്നതിന് ഒമ്പത് സംസ്ഥാനങ്ങൾ ഇതിനോടകം നിയമം കൊണ്ടുവന്നിട്ടുണ്ട്. ഒഡീഷ, മധ്യപ്രദേശ് , ഗുജറാത്ത്, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് നിയമം കൊണ്ടുവന്നിട്ടുള്ളത്. ഈ നിയമങ്ങൾ ഭരണഘടനാപരമായി സാധുവാണെന്ന് സുപ്രീം കോടതി തന്നെ വിധിച്ചിട്ടുള്ളതാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.