- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുത്; അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ ആരും തന്നെ മറയാക്കരുത്; ലോകായുക്ത അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നത്? പി പി ഇ കിറ്റ് അഴിമതി കേസിൽ ലോകായുക്ത ഇടപെടലിന് എതിരായ ഹർജിയിൽ ഹൈക്കോടതി വിമർശനം
കൊച്ചി: കെ.കെ.ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നെന്ന പരാതിയിൽ ലോകായുക്തയുടെ ഇടപെടലിന് എതിരായ ഹർജിയിൽ ഹൈക്കോടതി വിമർശനം. ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുത്. അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ ആരുംതന്നെ മറയാക്കരുത്. ലോകായുക്ത അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്ന് കോടതി ഉദ്യോഗസ്ഥരോട് ചോദിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. ലോകായുക്തയുടെ അന്വേഷണം ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹർജി. കെ.കെ.ശൈലജയോട് നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ഡിസംബർ എട്ടിന് ഹാജരാകാനാണ് ലോകായുക്ത നോട്ടീസ് നൽകിയിരിക്കുന്നത്. ഇവരുടെ വാദം കേൾക്കുന്നതിനൊപ്പം രേഖകൾ പരിശോധിച്ച് ലോകായുക്ത നേരിട്ട് അന്വേഷണം നടത്തും.
കോൺഗ്രസ് നേതാവ് വീണ എസ്.നായരാണ് അന്വേഷണം ആവശ്യപ്പെട്ട് ലോകായുക്തയെ സമീപിച്ചത്.കെ.കെ.ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയായിരുന്ന ബാലമുരളി, മെഡിക്കൽ സർവീസസ് കോർപറേഷൻ മുൻ ജനറൽ മാനേജർ എസ്.ആർ.ദിലീപ് കുമാർ അടക്കം പതിനൊന്ന് പേർക്കെതിരെയാണ് വീണ പരാതി നൽകിയത്.
കോവിഡ് കാലത്ത് പിപിഇ കിറ്റുകളും സർജിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി നടന്നതായി പരാതിയിൽ ആരോപിക്കുന്നു. മന്ത്രിയായിരുന്ന കെ.കെ.ശൈലജയുടെ അറിവോടെയാണ് ഇടപാടുകൾ നടന്നത്. കേരളത്തിലുടനീളം മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം മെഡിക്കൽ സർവീസസ് കോർപറേഷനാണ്.
എന്നാൽ, ചട്ടങ്ങൾ പാലിക്കാതെ കോവിഡ് കാലത്ത് മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിലൂടെ ഖജനാവിനു വലിയ നഷ്ടമുണ്ടായി. വിപണി നിരക്കിനേക്കാൾ ഉയർന്ന നിരക്കിലാണ് സ്വകാര്യ കമ്പനികളിൽനിന്ന് പിപിഇ കിറ്റുകൾ വാങ്ങിയത്. പിപിഇ കിറ്റുകൾ വിതരണം ചെയ്യുന്നതിനു മുൻപു തന്നെ ഒരു സ്വകാര്യ കമ്പനിക്ക് മുൻകൂറായി 9 കോടി രൂപ അനുവദിച്ചു. സാധാരണ കാരാർ പ്രകാരമുള്ള സാധനങ്ങൾ വിതരണം ചെയ്തതിനുശേഷമാണ് പണം അനുവദിക്കുന്നത്. ഈ രീതി അട്ടിമറിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ അറിവോടെ ഇടപാടുകൾ എന്ന് ശൈലജയുടെ മുൻ പ്രതികരണം
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ആയിരുന്നു ഇടപാടുകൾ എന്ന് കെ കെ ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. 500 രൂപയുടെ പി പി ഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ്. ഗുണനിലവാരം ഉറപ്പാക്കി വാങ്ങണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം.
എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണം. ആളുകളുടെ ജീവനല്ലെ വലുത് എന്ന് അദ്ദേഹം പറഞ്ഞതായും കെ കെ ശൈലജ വ്യക്തമാക്കി. കെ എം സി എല്ലിന്റെ പ്രവർത്തകർ പി പി ഇ കിറ്റ് തീരാൻ പോവുകയാണ് എന്നും വാങ്ങിയില്ല എങ്കിൽ ആരോഗ്യപ്രവർത്തകർ അപകടത്തിലാകും എന്നും പറഞ്ഞു. ഇക്കാര്യം താൻ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത് എന്നും ശൈലജ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ