കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്കു മാത്രമായി സംവരണം ചെയ്തതിനെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജികൾ ഹൈക്കോടതി നാളെ പരിഗണിക്കും. ഇതിനായി ഹൈക്കോടതി നാളെ പ്രത്യേക സിറ്റിങ് നടത്തും. മേൽശാന്തിമാരുടെ നിയമനത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിലാണ് നാളെ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തുന്നത്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരടങ്ങുന്ന രണ്ടംഗ ദേവസ്വം ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.

മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്കു മാത്രമായി സംവരണം ചെയ്യുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന ഹർജികളിലെ ആക്ഷേപം. സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡിൽ ഇത്തരത്തിൽ ഭരണഘടനാ വിരുദ്ധമായ നടപടി സ്റ്റേ ചെയ്യണം. മേൽശാന്തി നിയമനം ഏതെങ്കിലും സമുദായത്തിനു മാത്രമായി സംവരണം ചെയ്യാനാവില്ലെന്നും ഹർജിയിൽ പറയുന്നു.

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പരസ്യപ്പെടുത്തിയ പരസ്യത്തിൽ മലയാള ബ്രാഹ്മണ വിഭാഗത്തിൽനിന്നുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയെന്നു വ്യക്തമാക്കിയിരുന്നു. സമുദായം നോക്കാതെ യോഗ്യരായവരിൽനിന്ന് മേൽശാന്തിയെ നിയമിക്കാൻ നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടിട്ടുണ്ട്