ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ഭരണഘടനയ്ക്ക് എതിരെന്നും ഗൗരവമേറിയ വിഷയമെന്നും സുപ്രീം കോടതി. ജസ്റ്റിസുമാരായ എംആർ ഷായും സിടി രവികുമാറുമാണ് നിർബന്ധിത മതപരിവർത്തനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചത്. മത പരിവർത്തനത്തിന്റെ വിവരങ്ങൾ സംസ്ഥാനങ്ങളിൽ നിന്ന് തേടിക്കൊണ്ടിരിക്കുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വിശദമായ സത്യവാങ്മൂലം നൽകുന്നതിനു കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടു.

നിർബന്ധിത മതപരിവർത്തനം ഗുരുതരമായ വിഷയമെന്ന് കോടതി ആവർത്തിച്ചു. ഇത്തരമൊരു ഹർജി നിലനിൽക്കുന്നതല്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ അത്തരം സാങ്കേതികതയിലേക്കു പോവേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ഇതൊരു ഗൗരവമേറിയ വിഷയമാണ്, ഭരണഘടനയ്ക്ക് എതിരാണത്. പ്രശ്നത്തിന് പരിഹാരം കാണാനാണ് കോടതി ശ്രമിക്കുന്നതെന്നും ബെഞ്ച് പറഞ്ഞു. ഇന്ത്യയിൽ താമസിക്കുന്നവർ ഇന്ത്യൻ സംസ്‌കാരം അനുസരിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ലക്ഷ്യം മതപരിവർത്തനമാകരുതെന്ന് സുപ്രീംകോടതി പറഞ്ഞു. ഏത് നല്ല കാര്യവും, ജീവകാരുണ്യ പ്രവർത്തനവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാൽ, അതിന് പിന്നിലെ ഉദ്ദേശ്യമാണ് പരിഗണിക്കേണ്ടത് -കോടതി പറഞ്ഞു. ഭീഷണിപ്പെടുത്തിയും മറ്റു മാർഗങ്ങളിലൂടെയും മതപരിവർത്തനം നടക്കുന്നുണ്ടെന്നും ഇത് തടയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

നിർബന്ധിത മതപരിവർത്തനത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായയാണ് ഹർജി നൽകിയത്. ഭീഷണിപ്പെടുത്തിയും പണവും സമ്മാനങ്ങളും നൽകിയും മതപരിവർത്തനം നടത്തുന്നതിനെതിരെ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും കർശന നടപടി സ്വീകരിക്കാൻ നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇത്തരത്തിലുള്ള മതപരിവർത്തനങ്ങൾ തടയാൻ റിപ്പോർട്ടും ബില്ലും തയാറാക്കാൻ ലോ കമീഷനോട് നിർദേശിക്കണമെന്നും ഹർജിയിലുണ്ടായിരുന്നു.

നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമാണെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. മതത്തിൽ വിശ്വസിക്കാനുള്ള അവകാശം എന്നത് മതം മാറ്റാനുള്ള അവകാശമല്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. സത്യവാങ്മൂലം സമർപ്പിക്കുന്നതിന് കേന്ദ്രത്തിന് കോടതി സമയം അനുവദിച്ചു. ഹർജി വീണ്ടും ഈ മാസം 12ന് പരിഗണിക്കും.